സി.പി.എമ്മും സഭയും തുറന്ന പോരിൽ ഗോവിന്ദൻ ഫാസിസ്റ്റെന്ന് തലശേരി അതിരൂപത

Wednesday 13 August 2025 12:00 AM IST

കണ്ണൂർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ തലശേരി അതിരൂപത

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് സഭാനേതൃത്വം.

കഴിഞ്ഞ ദിവസം ഗോവിന്ദൻ പാംപ്ലാനിയെ കടുത്ത അവസരവാദിയെന്ന് വിശേഷിപ്പിച്ചതാണ് സഭയെ ചൊടിപ്പിച്ചത്.

ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണെന്ന് ആരോപിച്ച് തലശേരി അതിരൂപത വാർത്താക്കുറിപ്പ് ഇറക്കി. എ.കെ.ജി സെന്ററിൽനിന്ന് തിട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ചയാളാണ് ഗോവിന്ദൻ. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നും കുറ്റപ്പെടുത്തി.

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് പാംപ്ലാനി രംഗത്തെത്തിയതിനെയാണ് എം.വി.ഗോവിന്ദൻ വിമർശിച്ചത്. അതിനുമുമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പാംപ്ലാനിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

ജയിലിൽ അടയ്ക്കുന്നതുവരെ ഹിറ്റ്ലറെ വാഴ്ത്തിപ്പാടിയ നിയോമുള്ളറുടെ അവസ്ഥയാകും പാംപ്ലാനിക്കുണ്ടാവുക എന്നായിരുന്നു സനോജിന്റെ പരാമർശം. എന്നാൽ, സനോജിന്റെ വിമർശനത്തെ അവഗണിച്ച സഭാനേതൃത്വം ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണത്തിന് മുതിരുകയായിരുന്നു.

'നിലപാട് മാറ്റമല്ല'

ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാവിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റംവരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് തലശേരി അതിരൂപത അറിയിച്ചു. കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാനേതൃത്വത്തിന്റെ ആവശ്യം മനസിലാക്കി ഇടപെട്ടതിൽ നന്ദിയറിയിച്ചത് നിലപാട് മാറ്റമല്ല എന്നും വിശദീകരിച്ചു.