കിഫ്ബിയിലൂടെ 62,000 കോടിയുടെ വികസനം നടപ്പാക്കി: മുഖ്യമന്ത്രി
കണ്ണൂർ: അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികളിലൂടെ കൊണ്ടുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരൾച്ചയെ പ്രതിരോധിക്കാൻ പുഴകളെ റിസർവോയറാക്കാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ 2017ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യാതിഥിയായി.
നടപടിയെടുക്കാൻ പൊലീസ് ആരെയും കാക്കേണ്ട: മുഖ്യമന്ത്രി
കണ്ണൂർ: നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലീസിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായതിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നത്. പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ വരുന്ന പഴയ സങ്കൽപ്പം അപ്പാടെ മാറിയിട്ടുണ്ട്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പൊലീസ്. സാങ്കേതികമേഖലയിൽ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ പൊലീസിംഗ് സംവിധാനം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.