'കേരളത്തിലെ 201 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി'; കേന്ദ്രത്തിന്റെ കണക്കുകള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുറഞ്ഞുവെന്ന കേന്ദ്ര വാദത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ്. 2021-22 വര്‍ഷത്തില്‍ 5010 സര്‍ക്കാര്‍ സ്‌കൂളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നത് 2023-24 ആയപ്പോഴേക്കും 4809 ആയി കുറഞ്ഞുവെന്നാണ് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയെ അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 201 സര്‍ക്കാര്‍ സ്‌കൂളുകളുടെ കുറവ് കേരളത്തില്‍ ഉണ്ടായെന്നാണ് കെ രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കണക്കുകള്‍ 1992-ല്‍ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവില്‍ വന്നപ്പോള്‍ ഇവ സ്‌കൂളുകളായി തുടരാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയത്. അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതായി തെളിയിക്കാന്‍ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ മന:പൂര്‍വം ആണെന്ന് പറയാതെ വയ്യ.