2023ലെ മുടങ്ങിയ വിള ഇൻഷ്വറൻസ് ആനുകൂല്യം അനുവദിച്ചു

Wednesday 13 August 2025 1:10 AM IST

ആലത്തൂർ: കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ തകരാർമൂലം മുടങ്ങിയ വിള ഇൻഷ്വറൻസ് ആനുകൂല്യം അനുവദിച്ചു. 30,000ലേറെ കർഷകർക്കായി 32 കോടി രൂപ അനുവദിച്ചതായി അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി. ഇതിൽ 90 ശതമാനവും പാലക്കാട് ജില്ലയിലേക്കാണ്. കർഷകരുടെ അക്കൗണ്ടിൽ തുക എത്തിത്തുടങ്ങിയിട്ടുണ്ട്. 2023ലെ മുടങ്ങിയ ആനുകൂല്യമാണ് ലഭിക്കുക. നെല്ലും തെങ്ങും പച്ചക്കറിയുമടക്കം 27 ഇനം വിളകൾക്കാണ് ആനുകൂല്യം ലഭിക്കുക. നെല്ലിന് ഏക്കറിന് ശരാശരി 13,000 രൂപ ലഭിക്കും. പ്രാദേശിക കാലാവസ്ഥാവിവരം സാറ്റലൈറ്റ് വഴി ലഭിക്കാത്തതിനാലാണ് ആനുകൂല്യവിതരണം മുടങ്ങിയത്. 65,000 കർഷകരിൽ 30,000ലേറെപ്പേരെ ബാധിച്ചു. ജില്ലയിൽ ബ്ലോക്ക് തലത്തിലും സ്റ്റേറ്റ് സീഡ് ഫാമുകളിലുമായുള്ള 19 കാലാവസ്ഥാനിരീക്ഷണ ഉപകരണങ്ങളിൽ ഒൻപതെണ്ണമാണ് പ്രവർത്തിക്കാത്തത്. ഇതോടെ ഓരോ ബ്ലോക്കിലെയും പ്രാദേശിക കാലാവസ്ഥ നിരീക്ഷിച്ച് പ്രളയം, വരൾച്ച, കാറ്റ് എന്നിവയുടെ തീവ്രത സാറ്റലൈറ്റ് മഖേന കേന്ദ്രീകൃത കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലേക്കു നൽകുന്നത് ഭാഗികമായി മുടങ്ങി. പ്രവർത്തിക്കാത്ത നിരീക്ഷണകേന്ദ്രങ്ങളുടെ പരിധിയിൽ മറ്റു നിരീക്ഷണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രകൃതിക്ഷോഭബാധ കണക്കാക്കിയത്. പുതിയ കാലാവസ്ഥാനിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്‌.