ചോർച്ചയുള്ളതും കാടുപിടിച്ചതുമായ ക്ളാസൊക്കെ ഇനി പഴങ്കഥ, 20 ലക്ഷം രൂപയുടെ പദ്ധതി, സർക്കാർ സ്‌കൂളൊക്കെ ഹൈട്ടെക്ക് ആകും
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നഗരത്തിലെ 10 സ്‌കൂളുകളിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇന്ററാക്ടീവ് ക്ലാസ് റൂം പഠന രീതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഗവ ഗേൾസ് ഹൈസ്‌കൂളിൽ എച്ച്. സലാം എം.എൽ.എ നിർവഹിച്ചു.
നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ഒരു സ്‌കൂളിൽ ഒരു ക്ലാസ് മുറി എന്ന രീതിയിലാണ് പത്ത് സ്‌കൂളുകളിൾ പ്രാഥമികമായി പദ്ധതി നടപ്പിലാക്കിയത്. ഓരോ ക്ലാസ് മുറിയ്ക്കും 2 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി പൂർത്തീകരിച്ചത്. ആംപ്ലിഫയർ സെറ്റ്, വൈറ്റ് ബോർഡ് മാഗ്നറ്റിക് സൈസ്, ഇന്ററാക്ടീവ് പാനൽ ട്രോളി, ടോപ്പ് ഇന്ററാക്ടീവ് പാനൽ എക്സിക്യൂട്ടീവ് ടേബിൾ എന്നിവ അടങ്ങുന്നതാണ് സ്മാർട്ട് ക്ലാസ് റൂം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.ഐ സാങ്കേതിക ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, സ്ഥിരം സമിതി അംഗങ്ങളായ ബി.നസീർ, സിമി ഷാഫിഖാൻ, ഗോപിക വിജയപ്രസാദ്, നിർവ്വഹണ ഉദ്യോഗസ്ഥ നസിയ, പി.ടി.എ പ്രസിഡന്റ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത സ്വാഗതവും സ്‌കൂൾ പ്രഥമാദ്ധ്യാപിക മേരി ആഗ്നസ് നന്ദിയും പറഞ്ഞു.
പദ്ധതി നടപ്പാക്കിയ സ്‌കൂളുകൾ ഗവ ഗേൾസ് ഹൈസ്‌കൂൾ, മുഹമ്മദൻസ് ബോയ്സ്, ഗേൾസ് ഹൈസ്‌കൂൾ, ആര്യാട് സ്‌കൂൾ, പൂന്തോപ്പിൽ ഭാഗം സ്‌കൂൾ, തിരുവമ്പാടി യുപി സ്‌കൂൾ, എസ്.ഡി.വി ജെ.ബി സ്‌കൂൾ, കളർകോട് എൽ.പി.എസ്, കളർകോട് യു.പി.എസ്, മുഹമ്മദൻസ് എച്ച്.എസ് എൽ.പി.എസ് എന്നീ സ്‌കൂളുകളിലെ ഓരോ ക്ലാസ് റൂമുകളാണ് ആധുനികമാക്കിയത്
ചെലവായത് 20 ലക്ഷം