 മാവേലിക്കസ് 2025 നഗരത്തിലൊരുക്കും 5000 പൂക്കളം

Wednesday 13 August 2025 12:25 AM IST
പൂക്കളം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025' ന്റെ ഭാഗമായി ജില്ലയിൽ 5000 പൂക്കളം ഒരുക്കും. നഗര പരിധിയിൽ നൂറോളം വേദികളാണ് ആഗസ്റ്റ് 31ന് സംഘടിപ്പിക്കുന്ന മെഗാ പൂക്കള മത്സരത്തിനായി കണ്ടെത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി 5000 ടീമുകൾ മത്സരത്തിൽ പങ്കാളികളാകും. മെഗാ പൂക്കള മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ കൂടിയാലോചന യോഗം ചേർന്നു. സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ വകുപ്പുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകൾക്ക് രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും പൂക്കളങ്ങൾ വിധികർത്താക്കൾ വിലയിരുത്തി ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന ടീമുകളുടെ പൂക്കളങ്ങൾ വീണ്ടും വിധി നിർണയിച്ച് ജില്ലാതല വിജയികളെ തിരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. പൂക്കള മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം രജിസ്ട്രേഷൻ മാവേലിക്കസ് ആപ്പ് വഴിയാണ്. രജിസ്ട്രേഷൻ രണ്ടുദിവസത്തിനകം ആരംഭിക്കും. 300 രൂപയാണ് രജിസ്ട്രേഷൻ തുക. 1.5 മീറ്റർ ഉള്ളളവുള്ള പൂക്കളമാണ് തയ്യാറാക്കേണ്ടത്.