വലയിൽ വീണാൽ പോക്കറ്റ് കീറും, കേരളത്തിൽ കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ പ്രാർത്ഥന ഈ മീനിനെ കിട്ടരുതേയെന്നാണ്
ബേപ്പൂർ: മത്സ്യത്തൊഴിലാളികൾക്ക് കടുത്ത വെല്ലുവിളിയുയർത്തി കടൽമാക്രി (പേത്ത പവർഫിഷ്) ശല്യം ഏറുന്നു. മത്സ്യങ്ങളോടൊപ്പം വലയിൽ പെടുന്ന കടൽമാക്രികൾ പുറത്തുകടക്കാൻ മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ച് വല കടിച്ചുകീറുകയാണ് ചെയ്യുന്നത്. വലകൾക്ക് നാശം സംഭവിക്കുന്നതോടൊപ്പം പിടികൂടിയ മത്സ്യങ്ങൾ അതുവഴി പുറത്തുചാടുമ്പോൾ ഒന്നുംലഭിക്കാതെ തിരികെവരേണ്ട അവസ്ഥയുമുണ്ടാകുന്നു.
വലിയ സാമ്പത്തികനഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഇതുവഴി ഉണ്ടാകുന്നത്. അഴിമുഖത്തിന് സമീപവും കരയിൽ നിന്നും അഞ്ചു മുതൽ 10 നോട്ടിക്കൽ അകലെയാണ് ഇത്തരം മത്സ്യങ്ങളെ കണ്ടുവരുന്നത്. ചാലിയം, വെള്ളയിൽ, പുതിയാപ്പ, കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 70 ലധികം ഫൈബർ വള്ളങ്ങളിലെ വലകൾ പൂർണ്ണമായും കടൽ മാക്രികൾ നശിപ്പിച്ചത്. കേരളതീരത്ത് മിക്കവാറും എല്ലാ തീരദേശമേഖലകളിലെയും മത്സ്യത്തൊഴിലാളികൾ ഇതിന്റെ പ്രയാസമനുഭവിക്കുന്നുണ്ട്.
വലയിൽ അകപ്പെട്ടാൽ പോക്കറ്റ് കീറും
കടൽ മാക്രികൾ വലയിൽ അകപ്പെട്ടാൽ പഴയ വല ഉപയോഗശൂന്യമാകുന്നതിനാൽ ലക്ഷങ്ങൾ മുടക്കി പുതിയ വല വാങ്ങേണ്ട സ്ഥിതിയിലാണ്. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ഇത്തരം മത്സ്യങ്ങളെ കൂട്ടത്തോടെ കാണപ്പെടുന്നത്. വലയിലകപ്പെടുന്ന കടൽ മാക്രികളെ ഹാർബറിലെത്തിച്ച് വിഷാംശമുളള ഭാഗങ്ങൾ നീക്കം ചെയ്തും തല വെട്ടിമാറ്റിയും തമിഴ് നാട്ടിലേക്ക് കയറ്റി അയക്കുന്ന ഏജന്റുമാരുമുണ്ട്.
2003 ൽ കടൽ മാക്രികളുടെ അക്രമത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ സഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും തുടർനടപടികൾ ആയില്ല. മത്സ്യ തൊഴിലാളികളിൽ നിന്നും പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാം എന്നായിരുന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചത്.