കാര്യവട്ടത്തിന് ലോകകപ്പ്: സെപ്തംബർ 30 മുതൽ വനിതാ ക്രിക്കറ്റ് ലോകകപ്പ്
തിരുവനന്തപുരം: സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഒരു സെമി ഫൈനലിനും ഇന്ത്യയുടെ രണ്ടു മത്സരങ്ങൾക്കും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. രണ്ട് സന്നാഹമത്സരങ്ങളും നടക്കും.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് ഗ്രീൻഫീൽഡിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനുമായി (കെ.സി.എ) ബി.സി.സി.ഐ ചർച്ച നടത്തി. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ ഐ.പി.എൽ കിരീട വിജയാഘോഷവേളയിലെ ദുരന്തത്തെത്തുടർന്ന് ചിന്നസ്വാമിയിൽ മത്സരങ്ങൾ നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ശ്രീലങ്ക, ബംഗ്ളാദേശ് ടീമുകളുമായുള്ള ഇന്ത്യയുടെ മത്സരവും ദക്ഷിണാഫ്രിക്ക - ഇംഗ്ളണ്ട് മത്സരവും രണ്ടാം സെമിഫൈനലുമാണ് ബംഗളൂരുവിൽ നിശ്ചയിച്ചിരുന്നത്. ഇതാണ് കാര്യവട്ടത്തെത്തുന്നത്. സന്നാഹമത്സരങ്ങൾക്കുള്ള ടീമുകളെ പിന്നീടേ അറിയാനാകൂ.
കെ.സി.എല്ലിനൊരുക്കിയ സൗകര്യങ്ങൾ ഗുണമാകും
1. കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വേദി ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. സഞ്ജു സാംസൺ ഉൾപ്പടെയുള്ള മുൻനിര കേരള താരങ്ങളെല്ലാം കെ.സി.എല്ലിലുണ്ട്.
2. ലോകകപ്പിന് 20 ദിവസം മുമ്പ് ഐ.സി.സിക്ക് സ്റ്റേഡിയം കൈമാറിയാൽ മതി. സെപ്തംബർ ആറിനാണ് കെ.സി.എൽ ഫൈനൽ. 27നാകും ആദ്യ സന്നാഹമത്സരം.
3. കെ.സി.എല്ലിനായി ഫ്ളഡ്‌ലൈറ്റുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കെ.സി.എ നവീകരിച്ചത് ലോകകപ്പിനും ഉപയോഗിക്കാനാകും.
4. ബംഗളൂരുവിൽ നടക്കേണ്ട അന്താരാഷ്ട്ര - ഐ.പി.എൽ മത്സരങ്ങളിൽ അധികവും ഗ്രീൻഫീൽഡിലേക്ക് മാറ്റാനും സാദ്ധ്യത.
കാര്യവട്ടത്തെ കളികൾ
സെപ്തംബർ 30 ചൊവ്വ
ഇന്ത്യ Vs ശ്രീലങ്ക
ഒക്ടോബർ 3 വെള്ളി
ദക്ഷിണാഫ്രിക്ക Vs ഇംഗ്ളണ്ട്
ഒക്ടോബർ 26 ഞായർ
ഇന്ത്യ Vs ബംഗ്ളാദേശ്
ഒക്ടോബർ 30
രണ്ടാം സെമിഫൈനൽ
കാര്യവട്ടത്ത് ഉൾക്കൊള്ളാൻ കഴിയുന്ന കാണികൾ- 50,000
കാര്യവട്ടത്തെ ഫ്ളഡ്ലൈറ്റ് സംവിധാനം നവീകരിച്ചത്- 18 കോടിക്ക്