വീട്ടമ്മയ്‌ക്ക് ബസിനടിയിൽ ദാരുണാന്ത്യം
തിരുവനന്തപുരം: ആശുപത്രിയിൽ പോകാൻ ഭർത്താവിനൊപ്പമെത്തിയ വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസിനടിയിൽ ദാരുണാന്ത്യം. പേയാട് പള്ളിമുക്ക് പ്രിയദർശിനി റോഡ് ചാമവിള ആയില്യം വീട്ടിൽ ഗീതയാണ് (62) റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചത്. ഭർത്താവ് പ്രദീപ്‌കുമാറിന് മുന്നിലായിരുന്നു അപകടം.
ഇന്നലെ രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് സമീപം സ്റ്റാച്യു ജംഗ്ഷനിലായിരുന്നു അപകടം. ബസിറങ്ങിയ ഗീത അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടകാരണമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ ജനറൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഗീത
കിഴക്കേകോട്ടയിലേക്കുള്ള പാപ്പനംകോട് ഡിപ്പോയിലെ ബസിലായിരുന്നു ഗീതയും ഭർത്താവ് പ്രദീപ്കുമാറുമെത്തിയത്. ബസ് സ്റ്റാച്യുവിലെ സ്റ്റോപ്പിലെത്തും മുമ്പ് സിഗ്നലിൽ നിറുത്തി ആളെയിറക്കി. ഈ സമയം ബസിന് മുന്നിലൂടെ പ്രദീപ്കുമാറു റോഡ് മുറിച്ചു കടന്നു. പിന്നാലെ ഗീത കടക്കാൻ ശ്രമിച്ചപ്പോഴേക്കും സിഗ്നൽ മാറി ബസ് മുന്നോട്ടെടുത്തു. നിലത്തുവീണ ഗീതയുടെ ശരീരത്തിലൂടെ മുൻചക്രം കയറിയിറങ്ങി. ഭർത്താവും കണ്ടുനിന്നവരും നിലവിളിച്ച് ഓടിയെത്തി ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിന്നാലെ രക്തസമ്മർദ്ദം ഉയർന്നതോടെ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ്ജായ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
കുണ്ടമൺഭാഗത്ത് തട്ടുകട നടത്തി ജീവിക്കുകയായിരുന്നു പ്രദീപ് കുമാറും ഗീതയും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മക്കൾ: പ്രതീഷ്, പ്രജിത്ത്. മരുമക്കൾ: അശ്വതി, ലക്ഷ്മി.