വിശേഷങ്ങൾക്ക് ആനയോളം തലപ്പൊക്കം

Wednesday 13 August 2025 12:41 AM IST

കൊല്ലം: മണ്ണിൽ കിടക്കുന്ന മൊട്ടുസൂചിയെടുക്കാൻ നമ്മൾ പാടുപെടുമ്പോൾ നാൽപ്പതിനായിരം ചെറുപേശികളുടെ സഹായത്തോടെ ആന നിസാരമായെടുക്കും. പത്ത് കിലോമീറ്റർ ചുറ്റളവിൽ ആശയവിനിമയം. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത സൂക്ഷ്മ ശബ്ദങ്ങൾ കേൾക്കാം. ലോക ഗജദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും സംയുക്തമായി പുത്തൻകുളം ആനത്താവളത്തിൽ നടത്തിയ ആനയെ അറിയാൻ സെമിനാറിലാണ് അധികമാർക്കും അറിയാത്ത ആനവിശേഷങ്ങൾ ഉയർന്നത്.

പുത്തൻകുളം അനന്തപദ്മനാഭൻ ഗണപതി, അർജുനൻ, ഗംഗ എന്നീ ആനകൾക്ക് സദ്യഊട്ടും നൽകി. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഇ.കെ.ഈശ്വരൻ സെമിനാർ നയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.പി.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സജീന, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, വനം ഡെപ്യൂട്ടി കൺസർവേറ്റർ കോശി ജോൺ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. രമ.ജി ഉണ്ണിത്താൻ, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.ചന്ദ്രചൂഡൻപിള്ള, ഡോ. വിനോദ് ചെറിയാൻ, ഡോ. ഷാലുമോൾ, ഡോ. രശ്മി ഷാജി എന്നിവർ സംസാരിച്ചു.

കൗതുകം ഒളിപ്പിച്ച് കരിവീരന്മാ‌ർ

 തുമ്പിക്കൈയിൽ 12 ലിറ്ററോളം വെള്ളം കൊള്ളും

 പാപ്പാന്മാരുമായി അഭേദ്യമായ ഹൃദയബന്ധം

 ചലനങ്ങൾ അതിവേഗം തിരിച്ചറിയും

 ചെവിയാട്ടുന്നത് ശരീര താപനില നിയന്ത്രിക്കാൻ

 അത്ഭുതകരമായ ഓർമ്മശക്തി

 വെള്ളച്ചാട്ടം, പാതകൾ എന്നിവ ശബ്ദം, ഗന്ധം എന്നിവകൊണ്ട് തിരിച്ചറിയും

 ഗർഭകാലം 22 മാസം

 ആനക്കുട്ടികളുടെ ജനനഭാരം 150-200 കിലോ

 പ്രസവിച്ചാലുടൻ നടക്കും

 പുറത്ത് കാണുന്നത് ആനയുടെ കൊമ്പിന്റെ മുന്നിലൊരുഭാഗം

കണക്ക് കരയിക്കും

2021ൽ സംസ്ഥാനത്ത്

510 നാട്ടാനകൾ

ഇപ്പോൾ

382

ജില്ലയിൽ രജിസ്റ്റേഡ് ആനകൾ

55

5 വർഷം മുമ്പ്

82 ഓളം

രോഗബാധയാണ് ആനകളുടെ എണ്ണം കുറയ്ക്കുന്നത്. ക്ഷയം, പരാദ -പാദരോഗങ്ങൾ രക്താതിസാരം, ഹൃദയ രോഗം, എരണ്ടക്കെട്ട് എന്നിവ മൂലമാണ് മിക്ക ആനകളും ചെരിയുന്നത്. ഡോ. ഡി.ഷൈൻകുമാർ,

മൃഗസംരക്ഷണ ഓഫീസർ