ഹെറോയിനും കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
മഞ്ചേരി: എക്‌സൈസ് റെയ്ഞ്ചും മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി മഞ്ചേരി പുല്ലൂരിൽ നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം വിലമതിക്കുന്ന 10.753 ഗ്രാം ഹെറോയിനുമായി രണ്ട് അസാം സ്വദേശികൾ പിടിയിലായി. ആസാം നാഗോൺ ജില്ലയിലെ ഹുസൈൻ അലി(31), അബൂബക്കർ സിദ്ദിഖ് (31) എന്നിവരാണ് പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഹെറോയിൻ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതായി മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതികളെ എക്‌സൈസ് സംഘം പിടികൂടിയത്.
മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ വി. നൗഷാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.എൻ. രഞ്ജിത്ത്, പ്രകേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ.അനീഷ് , ജി.അഭിലാഷ്, എം.ജയപ്രകാശ് , പി.സഫീർ അലി, വനിത സിവിൽ എക്‌സൈസ് ഓഫീസർ എ.കെ.നിമിഷ, സിവിൽ എക്‌സൈസ് ഓഫീസർ ഇ.അഖിൽദാസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ: വിൽപ്പനയ്‌ക്കെത്തിച്ച രണ്ടു കിലോഗ്രാം കഞ്ചാവുമായി അസാം നാഗോൺ സ്വദേശി ഇസ്മയിൽ അലിയെ (31) പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആസാം, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്നതായി പെരിന്തൽമണ്ണ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തൽമണ്ണ എസ്.ഐ ഷിജോ സി. തങ്കച്ചനും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് കുന്നപ്പള്ളി വായനശാല ടൗണിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവുമായി ഇസ്മായിൽ അലിയെ അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ: എക്‌സൈസ് റെയ്ഞ്ച് പാർട്ടി പെരിന്തൽമണ്ണ വലിയങ്ങാടി ഭാഗത്തു നടത്തിയ റെയ്ഡിൽ ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ പൊക്കുറിയ റായ് ദേശത്ത് ഷെയ്ഖ് ദഫ്ദാറിനെ (23)രണ്ട് കിലോയിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം.യൂനസിന്റെ നേതൃത്വത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.ഷിബു, പ്രിവന്റിവ് ഓഫീസർമാരായ ഒ. അബ്ദുൾ റഫീഖ്, കെ. സായിറാം, വി.കെ ഷരീഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ രാജേഷ്, കെ.അബിൻരാജ്, ആനന്ദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിൻസി വർഗീസ്, പ്രസീദ മോൾ എന്നിവരാണ് ഉണ്ടായിരുന്നത്.