ഭസ്മക്കുളം നിർമ്മാണം ഹൈക്കോടതി തടഞ്ഞു

Wednesday 13 August 2025 1:53 AM IST

കൊച്ചി: ശബരിമല വലിയ നടപ്പന്തലിന് സമീപം കൊപ്രക്കളത്തിനടുത്ത് പുതിയ ഭസ്മക്കുളം നിർമ്മിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വ്യക്തമായ രൂപരേഖയോ പഠനങ്ങളോ ഇല്ലാതെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.

രൂപരേഖയും പഠനങ്ങൾ നടത്തിയതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കുന്നതു വരെ നിർമ്മാണ നടപടികൾ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളതത്.

പുതിയ കുളം അനിവാര്യമാണെങ്കിൽ ലൈസൻസുള്ള സ്ട്രക്ചറൽ എൻജിനിയർ രൂപരേഖ തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു. ഒരേ സമയം ഒട്ടേറെപ്പേർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ എത്രത്തോളം അതിജീവിക്കും എന്നതടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടാകണം. വിശദമായ മണ്ണ് പരിശോധനയും അനിവാര്യമാണ്. കുന്നും മലകളുമുള്ള വനപ്രദേശമാണെന്നതും കണക്കിലെടുക്കണം. ഇതൊന്നുമില്ലാത്ത നിർമ്മിതി പരിസ്ഥിതിക്ക് ഭീഷണിയാണെന്നും കോടതി വിലയിരുത്തി.