തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ ഒട്ടിച്ച 6500 ലിറ്രർ വെളിച്ചെണ്ണ പിടികൂടി
ആലപ്പുഴ: തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ പതിച്ച് വില്പന നടത്തിയെന്ന പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 6500 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് വടക്ക് പ്രവർത്തിക്കുന്ന ഹരിഗീതം ഓയിൽ മില്ലിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ഉപയോഗിക്കാൻ പാടില്ലാത്ത വാചകങ്ങൾ ലേബലിലുൾപ്പെടുത്തിയാണ് വെളിച്ചെണ്ണ പാക്കറ്റുകളാക്കി വില്പന നടത്തുന്നതെന്ന് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത വെളിച്ചെണ്ണ ലേബലില്ലാതെ കന്നാസുകളിലാക്കി വിൽപ്പന നടത്തുന്നതും ബോദ്ധ്യപ്പെട്ടു.
കണ്ടെയ്നർ ലോറിയിൽ കന്നാസുകളിലും വലിയ ക്യാനുകളിലും ഭക്ഷ്യഎണ്ണ വിതരണത്തിനായി അനധികൃതമായി സൂക്ഷിച്ചിരുന്നു. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ വൈ.ജെ.സുബിമോളുടെ നേതൃത്വത്തിൽ ഹരിപ്പാട് ഫുഡ് സേഫ്ടി ഓഫീസർ എസ്.ഹേമാംബിക , ആലപ്പുഴ ഫുഡ് സേഫ്ടി ഓഫീസർ വി.രാഹുൽ രാജ് , ചെങ്ങന്നൂർ ഫുഡ് സേഫ്ടി ഓഫീസർ ആർ.ശരണ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.