പള്ളിയിൽ സംസ്കാരത്തെ ചൊല്ലി തർക്കം മൃതദേഹവുമായി പ്രതിഷേധം

Wednesday 13 August 2025 2:06 AM IST

ആലപ്പുഴ: ഭരണിക്കാവ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലി യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ പരിഹരിച്ചു. യാക്കോബായ വിഭാഗത്തിൽപ്പെട്ട പറമ്പിൽ പിടികയിൽ അമ്മിണി രാജന്റെ (82) സംസ്കാര ചടങ്ങ് ഓർത്തഡോക്സ് വിഭാഗം തടഞ്ഞതിനെത്തുടർന്നായിരുന്നു സംഘർഷാവസ്ഥ. പള്ളിക്ക് മുന്നിൽ അമ്മി​ണി​ രാജന്റെ മൃതദേഹവുമായി​ യാക്കോബായ വിഭാഗം പ്രതിഷേധി​ച്ചു.

വർഷങ്ങളായി യാക്കോബായ , ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയാണ് ഇത് . കോടതി ഉത്തരവ് പ്രകാരം ആദ്യം യാക്കോബായ സഭയ്ക്ക് ഭരണം ലഭിച്ചു. എന്നാൽ, സുപ്രിംകോടതിയിൽ നിന്ന് അനുകൂലവിധി വന്നതോടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിനായി. ഇരുവിഭാഗത്തിലുംപെട്ട വിശ്വാസികളുടെ സംസ്കാരത്തി​ന് കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട വൈദികൻമാർ മരണാനന്തര ചടങ്ങിന് പള്ളിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി വിധിയിലുള്ളതായി​ ഓർത്തഡോക്സ് വിഭാഗം പറഞ്ഞു . ഇങ്ങനെ ഒരു പരാമർശവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് യാക്കോബായ വിഭാഗത്തി​ന്റെ വാദം. . മരിച്ച അമ്മിണിയുടെ കൊച്ചുമകൻ വൈദികനാണ്. ഇദ്ദേഹം പള്ളിയിൽ പ്രവേശിക്കുന്നതി​നെച്ചൊല്ലി​യാണ് ഇന്നലെ തർക്കമുണ്ടായത്. റവന്യു, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ വൈദികനായ ചെറുമകനെ സെമിത്തേരിയിൽ കയറ്റാമെന്ന് ധാരണയായതോടെയാണ് പ്രതിഷേധം അവസാനിച്ചത്. രാത്രി ഒൻപതോടെ അമ്മിണി രാജന്റെ മൃദദേഹം സംസ്കരിച്ചു.