വ്യവസായ മന്ത്രിയുടെ ഓഫീസിൽ നിങ്ങളെ സ്വീകരിക്കാൻ കെല്ലി
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന്റെ ഓഫീസിലെത്തുന്നവരെ ഇനി കെല്ലി എന്ന റിസപ്ഷനിസ്റ്റ് സ്വീകരിക്കും. എഐ പിന്തുണയുള്ള വെർച്വൽ റിസപ്ഷനിസ്റ്റാണ് കെല്ലി. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് കെല്ലിയെ സജ്ജമാക്കിയത്.
സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതുജനങ്ങളുമായുള്ള ആശയവിനിമയമാണ് പ്രധാന ദൗത്യം. സന്ദർശകരയെും ഓഫീസിലെ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നതിനൊപ്പം പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയും ലഭിക്കും. എന്റർപ്രൈസ് റിസോഴ്സ് പ്ളാനിംഗ് (ഇ.ആർ.പി) സംവിധാനങ്ങളുമായി കൂട്ടിയിണക്കി ഫയൽ സംബന്ധമായ വിവരങ്ങൾ, പേയ്മെന്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളും നൽകും. വാർത്താ ശേഖരണം, വിവർത്തനം, എഴുത്തുകളിൽ നിന്ന് സംഭാഷണമാക്കാനും തിരികെ എഴുത്താക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. ലാർജ് ലാൻഗ്വേജ് മോഡലുകൾ അടിസ്ഥാനമാക്കി റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ (ആർ.എ.ജി ) സാങ്കേതിക വിദ്യയിലൂടെയാണ് കെല്ലിയുടെ പ്രവർത്തനം.
മന്ത്രി രാജീവിനെയും മറ്റ് സ്ഥിരം ജീവനക്കാരെയും പേരുവിളിച്ചാണ് അഭിസംബോധന ചെയ്യുന്നത്.
സാങ്കേതികതയിലൂടെ പരിചയമുള്ളവരുടെ മുഖം കണ്ട്, പേരും ഔദ്യോഗിക പദവിയും തിരിച്ചറിഞ്ഞ് സ്വാഗതം ചെയ്യും.
കെല്ലി ഏറെ സാമർത്ഥ്യമുള്ള റിസപ്ഷനിസ്റ്റാണെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെടുന്നു. കൃത്യവും വ്യക്തവുമായ മറുപടികൾ നൽകുന്നു. തെറ്റായ വിവരങ്ങൾ നൽകാൻ സാദ്ധ്യതയില്ല. മലയാളവും ഇംഗ്ളീഷും കെല്ലിക്ക് വശമുണ്ട്. ഭാഷിണി സാങ്കേതിക വിദ്യയിലൂടെ മറ്റ് ഭാഷകളും ഉൾപ്പെടുത്താനാകും.