സിനിമയുടെ അവകാശത്തർക്കം നിവിൻ പോളിക്കെതിരായ വഞ്ചനക്കേസിന് സ്റ്റേ
കൊച്ചി: സിനിമയുടെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ പൊലീസ് അന്വേഷണത്തിന് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി. ഹർജിക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശിച്ച വിചാരണക്കോടതി ഉത്തരവ് വസ്തുത കണക്കിലെടുക്കാതെയാണെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
നിവിനെ നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യർ" സിനിമയുടെ സഹനിർമ്മാതാവായ പി.എസ്. ഷംനാസാണ് പരാതിക്കാരൻ. സിനിമയ്‌ക്കു നഷ്ടമുണ്ടായതിനാൽ അടുത്ത ചിത്രമായ 'ആക്‌ഷൻ ഹീറോ ബിജു 2" എന്ന ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനായി 1.9 കോടി രൂപയും കൈപ്പറ്റി. എന്നാൽ കരാർ ലംഘിച്ച് വിതരണാവകാശം ദുബായ് കമ്പനിക്ക് കൊടുത്തുവെന്നാരോപിച്ചാണ് ഷംനാസ് വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം നിവിൻ പോളിക്കും എബ്രിഡ് ഷൈനെയും പ്രതികളാക്കി തലയോലപ്പറമ്പ് പൊലീസ് കേസെടുത്തത്.
സർക്കാരിന്റേതുൾപ്പെടെ വിശദീകരണം തേടിയ കോടതി, ഹർജി സെപ്തംബർ 11ന് പരിഗണിക്കാൻ മാറ്റി.