പി.കെ.ഫിറോസിന് വരവിൽ കവിഞ്ഞ സ്വത്തെന്ന് ജലീലിന്റെ പരാതി
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ വിജിലൻസിൽ പരാതി നൽകി കെ.ടി.ജലീൽ എം.എൽ.എ. പത്ത് വർഷത്തിനിടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. ഫിറോസിന് പരമ്പരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ല. ഉപജീവനത്തിന് പാർട്ടി സാമ്പത്തിക സഹായവും നൽകുന്നില്ല. പിതാവ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച ഡ്രൈവറാണ്. 15 സെന്റ് സ്ഥലവും ചെറിയവീടുമാണ് കുടുംബ സ്വത്തായുള്ളത്. 2011ൽ കുന്നമംഗലം വില്ലേജിൽ സെന്റിന് പത്ത് ലക്ഷമെങ്കിലും വില വരുന്ന 12.5 സെന്റ് സ്ഥലം വാങ്ങി ഒരുകോടിയുടെ വീട് നിർമ്മിച്ചു. 2,72,000 വെള്ള ദോത്തികൾ ഒന്നിന് 600 രൂപ വിലയിൽ കീഴ്‌കമ്മിറ്റികൾ മുഖേന വിറ്റഴിച്ച് നടത്തിയ ഫണ്ട് സമാഹരണത്തിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഈ പണമെല്ലാം ഉപയോഗിച്ചാവണം ഫിറോസ് കോഴിക്കോട് ബ്ലൂഫിൻ എന്ന പേരിൽ ട്രാവൽ ഏജൻസിയും അതേ പേരിൽ വില്ല പ്രോജക്ടും ആരംഭിച്ചത്. യൂത്ത് ലീഗ് ഫണ്ട് കളക്ഷനിൽ നിന്നുള്ള വലിയൊരു തുക റിവേഴ്സ് ഹവാലയായി ഗൾഫിലെത്തിച്ച് ഫിറോസ് ബിസിനസുകളിൽ നിക്ഷേപിച്ചതായി സംശയമുണ്ടെന്നും കെ.ടി. ജലീലിന്റെ പരാതിയിൽ പറയുന്നു.