തൃശൂരിലും സുരേഷ് ഗോപി "മിണ്ടാവ്രതത്തിൽ"; മണ്ഡലത്തിലെത്തിയത് ഒരു മാസത്തിന് ശേഷം
തൃശൂർ: വോട്ട് ക്രമക്കേട് വിവാദങ്ങൾക്കിടെ തൃശൂരിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാവിലെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി വന്ദേഭാരതിലാണ് മണ്ഡലത്തിലെത്തിയത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പോലും മിണ്ടാതെ കനത്ത പൊലീസ് സുരക്ഷയിൽ പുറത്തേക്ക് പോയി. അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകരെ കാണാനാണ് അദ്ദേഹം നേരെ പോകുകയെന്നാണ് വിവരം. ഇന്നലെ രാത്രി സി പി എം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ബി ജെ പി പ്രവർത്തകർക്ക് പരിക്കേറ്റത്.
ഒരു മാസത്തിന് ശേഷമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ബി ജെ പി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 'തൃശൂരിന്റെ പ്രിയ പുത്രാ, സുരേഷ് ഗോപി നയിക്കട്ടെ, ജയ് ജയ് ബി ജെ പി, ജയ് ജയ് ഭാരത് മാതാ, ധീരാ ധീരാ നേതാവേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ'-എന്ന മുദ്രാവാക്യം വിളിച്ചാണ് ബി ജെ പി പ്രവർത്തകർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.
നേരത്തെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും വിവാദത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തത് സംബന്ധിച്ച കേസ് തൃശൂർ എ സി പി അന്വേഷിക്കും. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം ടി എൻ പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവനയുൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധമായി തൃശൂരിൽ വോട്ട് ചേർത്തെന്നാണ് പരാതി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചേർത്തത്.