ഒടുവിൽ വാ തുറന്ന് സുരേഷ് ഗോപി; മിണ്ടിയത് മൂന്നേ മൂന്ന് വാക്ക്

Wednesday 13 August 2025 10:04 AM IST

തൃശൂ‍‌ർ: ഇന്ന് രാവിലെ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ക്രമക്കേടിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഒടുവിൽ അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകരെ കാണാനെത്തിയ അദ്ദേഹം മൂന്ന് വാക്കിൽ പ്രതികരണം ഒതുക്കി. മൗനം എന്താണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് "ഇത്രത്തോളം സഹായിച്ചതിന് നന്ദി" എന്ന് മാത്രമായിരുന്നു പ്രതികരണം.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല. മൂന്ന് വാക്ക് പറഞ്ഞശേഷം കാറിൽ കയറി പോകുകയായിരുന്നു മന്ത്രി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ ജാഥ നടത്തുന്നുണ്ട്. ഇതിൽ സുരേഷ് ഗോപി പങ്കെടുത്തേക്കുമെന്നാണ് സൂചന. രാവിലെ തിരുവനന്തപുരത്തെത്തിയ സുരേഷ്‌ ഗോപി വന്ദേഭാരതിലാണ് മണ്ഡലത്തിലെത്തിയത്. റെയിൽവേ സ്റ്റോഷനിൽ വച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പോലും മിണ്ടാതെ കനത്ത പൊലീസ് സുരക്ഷയിലാണ് പുറത്തേക്ക് പോയത്.

ഒരു മാസത്തിന് ശേഷമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ബി ജെ പി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 'തൃശൂരിന്റെ പ്രിയ പുത്രാ, സുരേഷ് ഗോപി നയിക്കട്ടെ, ജയ് ജയ് ബി ജെ പി, ജയ് ജയ് ഭാരത് മാതാ, ധീരാ ധീരാ നേതാവേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ'-എന്ന മുദ്രാവാക്യം വിളിച്ചാണ് ബി ജെ പി പ്രവർത്തകർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.