മൂന്ന് ലക്ഷത്തിന്റെ കടം, ഭാര്യയുടെ തിരോധാനത്തിന്  പിന്നാലെ ഭർത്താവ് ജീവനൊടുക്കി

Wednesday 13 August 2025 10:06 AM IST

കായംകുളം: സാമ്പത്തിക ബുദ്ധിമുട്ടുകളിൽ മനം മടുത്ത് ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദാണ് (49)​ മരിച്ചത്. ഭാര്യ രഞ്ജിനിയെ രണ്ടു മാസമായി കാണാതായതിനെ തുടർന്നാണ് വിനോദ് ആത്മഹത്യ ചെയ്തത്. കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്ന ര‌ഞ്ജിനി ജൂൺ 11ന് ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് പൊലീസ് അന്വേഷണത്തിൽ യുവതി ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തി.

ഓട്ടോറിക്ഷയിൽ കായംകുളത്ത് എത്തി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന‌ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും രഞ്ജിനി എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.ഇവർ എടുത്ത 1.5 ലക്ഷം രൂപയുടെ ബാങ്ക് വായ്പ ഉൾപ്പെടെ ഗണ്യമായ കടബാധ്യതകളാണ് കുടുംബത്തിനുണ്ടായിരുന്നത്.

ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിൽ വിനോദ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിനിയോട് മടങ്ങിവരാൻ അപേക്ഷിക്കുകയും സാമ്പത്തിക ബാധ്യതകൾ താൻ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പക്ഷെ രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ വിനോദിന്റെ വീഡിയോയെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

ഒടുവിൽ ഭാര്യയുടെ തിരോധാനവും സാമ്പത്തിക സമ്മർദ്ദവും താങ്ങാനാവാതെ വിനോദ് തന്റെ വസതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിനി ഭർത്താവിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിനോദിന്റെ സംസ്കാരം നടന്നു. വിഷ്ണുവും ദേവികയുമാണ് മക്കൾ.