നേർച്ച നേർന്നതോടെ ക്യാൻസർ മാറി; പിന്നാലെ കേരളത്തിലെ ക്ഷേത്രത്തിലെത്തി, തലമുണ്ഡനം ചെയ്ത് കാവടിയെടുത്ത് വിദേശവനിത

Wednesday 13 August 2025 11:12 AM IST

കൊല്ലം: ക്യാൻസർ രോഗം ഭേദമായതിനെ തുടർന്ന് ഫ്രാൻസിൽ നിന്നെത്തിയ സുഫിനേന യുവതി കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിശ്വാസത്തോടെ തലമുണ്ഡനം ചെയ്ത് കാവടിയെടുത്തു. ഇന്നലെ രാവിലെയാണ് ഭർത്താവിനൊപ്പം സൂഫിനേന ക്ഷേത്രത്തിലെത്തിയത്.

ക്യാൻസർ ബാധിച്ച് ഏറെ നാൾ ചികിത്സയിലായിരുന്നു. വിലങ്ങറ ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്താൽ രോഗശാന്തി ലഭിക്കുമെന്ന് ഫ്രാൻസിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞാണ് ഇവരറിഞ്ഞത്. തുടർന്ന് മനസുകൊണ്ട് നേർച്ച നേർന്നു. ചികിത്സ തുടർന്നതിനാൽ ഇന്ത്യയിലേക്കുള്ള വരവ് വൈകി.

ഇപ്പോൾ രോഗം പൂർണമായും ഭേദമായി. തുടർന്ന് ഭർത്താവിനൊപ്പം സൂഫിനേന എറണാകുളത്തെത്തി. ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയത്. തല മുണ്ഡനം ചെയ്യാൻ പ്രത്യേക ക്രമീകരണം നേരത്തേ ഒരുക്കിയിരുന്നു. കറുപ്പും വെളുപ്പും ഇടകലർന്ന കഴുത്തിന് താഴെവരെ നീളുന്ന മുടിയാണ് മുണ്ഡനം ചെയ്തത്.

ഭക്തിയോടെ മൂന്ന് വലംവച്ചു

കാവി വസ്ത്രം ധരിച്ച്, മുണ്ഡനം ചെയ്ത തലയിൽ ചന്ദനം തേച്ച് ഭക്തിയോടെ കാവടിയുമായി ക്ഷേത്രത്തിന് മൂന്ന് വലംവച്ചു. ശ്രീകോവിലിന് മുന്നിൽ തൊഴുത് മേൽശാന്തിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികൾ സുബ്രഹ്മണ്യന്റെ ചെറു വിഗ്രഹം ദമ്പതിമാർക്ക് സമ്മാനിച്ചു. വിലങ്ങറ ക്ഷേത്രത്തിലെ തൈപ്പൂയ കാവടിയാട്ടം പ്രസിദ്ധമാണ്. വിദേശികൾ ഉൾപ്പടെ ഇവിടെ കാവടിയേന്തി ഘോഷയാത്രയിൽ പങ്കെടുക്കാറുണ്ട്.