പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി കുറഞ്ഞ ചെലവിൽ കുടുംബത്തെയും ഒപ്പം കൂട്ടാം, അറിയേണ്ടത്

Wednesday 13 August 2025 12:13 PM IST

ദുബായ്: കുടുംബത്തിനുവേണ്ടി വർഷങ്ങളോളം വീടും നാടും വിട്ട് മാറി നിൽക്കുന്നവരാണ് പ്രവാസികൾ. കഷ്‌ടപ്പാടുകൾക്ക് പുറമേ കുടുംബത്തെ കാണാൻ സാധിക്കുന്നില്ല എന്നതാകും ഇവരുടെ ഏറ്റവും വലിയ വിഷമം. അധിക ചെലവ് കാരണമാണ് പലരും കുടുംബത്തെ ഒപ്പം കൂട്ടാത്തത്. എന്നാൽ, ദുബായിൽ താമസിക്കുന്ന പ്രവാസികൾക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ പറ്റിയ ചില പ്രദേശങ്ങളുണ്ട്. മക്കളെ സ്‌കൂളിൽ ചേർക്കാനും ഏറ്റവും ഉത്തമമായ പ്രദേശമാണിത്.

2024ൽ മാത്രം, 1,50,000ലധികം കുടുംബങ്ങൾ ദുബായിലേക്ക് ചേക്കേറിയെന്നാണ് റിപ്പോർട്ട്. 215ലധികം സ്വകാര്യ സ്‌‌കൂളുകളാണ് ഇവിടെയുള്ളത്. യാത്രാ സമയം, സ്‌കൂൾ പ്രവേശന ഫീസ്, താമസസ്ഥലത്തെ വാടക തുടങ്ങിയവയെല്ലാം കണക്കിലെടുത്തുവേണം ഇവയെല്ലാം തീരുമാനിക്കാൻ. ഇത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

  • ദുബായ് ഹിൽസ് എസ്റ്റേറ്റ്

അൽ ഖൈൽ റോഡിന് സമീപത്താണ് ദുബായ് ഹിൽസ് എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പാർക്കുകൾ, സ്‌പോർട്‌സ് സോണുകൾ, ദുബായ് ഹിൽ മാൾ, പ്രധാന വിദ്യാഭ്യാസ - മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം പേരുകേട്ട സ്ഥലമാണിത്. നിരവധി സ്‌കൂളുകളാണ് ഈ സ്ഥലത്തുള്ളത്. അതും വെറും പത്ത് മിനിട്ടിൽ താഴെ മാത്രം ദൂരത്തിലാണ്.

  • അറേബ്യൻ റാഞ്ചസ്

വിശാലമായ പച്ചപ്പുള്ള സ്ഥലങ്ങൾ, പാർക്കുകൾ, കുതിര സവാരി, ഉന്നത നിലവാരമുള്ള സ്‌കൂളുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ പ്രദേശത്തുണ്ട്. ജുമൈറ ഇംഗ്ലീഷ് സ്പീക്കിംഗ് സ്കൂൾ, റാഞ്ചസ് പ്രൈമറി സ്കൂൾ എന്നീ രണ്ട് സ്‌കൂളുകളും പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവയാണ്. ഭാഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് ഇവർ പ്രത്യേക ശ്രദ്ധ ഉൾപ്പെടെ നൽകുന്നു.