ഛത്തീസ്ഗഡിലെ അതിക്രമം; സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട്ടിലെത്തി സുരേഷ് ഗോപി

Wednesday 13 August 2025 12:38 PM IST

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അങ്കമാലിയിലുള്ള സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീയാണ് പ്രീതി മേരി. പിന്നീട് ജാമ്യം ലഭിച്ചിരുന്നു. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുകയോ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയോ ചെയ്യാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപി സിസ്റ്റർ പ്രീതി മേരിയുടെ വസതിയിലെത്തിയത്.

കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി കന്യാസ്ത്രീയുടെ വസതിയും സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സുരേഷ് ഗോപി തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന് നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീ ഇപ്പോഴും ഛത്തീസ്ഗഢിൽ തുടരുകയാണ്. അവരുടെ അങ്കമാലിയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരനുമാണുള്ളത്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. തുടർന്ന് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ തടവിലാക്കുകയായിരുന്നു. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ദുർഗിലെ ജയിലിൽ നിന്ന് ഇരുവരും പുറത്തിറങ്ങിയത്.