പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉത്തരവ് തിരുത്തി ഹൈക്കോടതി

Wednesday 13 August 2025 6:49 PM IST

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പമ്പുകളിലുള്ള ടോയ്‌ലെറ്റുകള്‍ ഉപഭോക്താക്കള്‍ക്കുള്ളതാണെന്നും പൊതുജനങ്ങള്‍ക്ക് ഈ സേവനം അനുവദിക്കേണ്ടതില്ലെന്നുമുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി തിരുത്തി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു.

പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് എന്നപോലെ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കണം. സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഉപഭോക്താവല്ലെന്ന കാരണത്താല്‍ ഒരാള്‍ക്ക് പോലും പ്രവേശനം നിഷേധിക്കാന്‍ പാടില്ല. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യത്തില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ പൊതു ടോയ്‌ലെറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.