പിശക് തിരുത്തിയ പട്ടയ വിതരണം

Wednesday 13 August 2025 8:01 PM IST

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് ടെർമിനൽ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അനുവദിച്ച പട്ടയത്തിലെ പിശകുകൾ തിരുത്തി നൽകി. കാക്കനാട് തുതിയൂർ ഇന്ദിര നഗറിന് സമീപം 7.52 എക്കറിൽ നാല് സെന്റ വീതമുള്ള പ്ലോട്ടുകൾ നേരത്തെ അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം അന്ന് അനുവദിച്ച ചില പ്ലോട്ടുകളും പട്ടയങ്ങളും പരസ്പരം മാറിപ്പോയി. ഈ വിഷയം ഉമാ തോമസ് എം.എൽ.എ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് പ്രത്യേക ഉത്തരവുമൂലം തിരുത്തിയ പട്ടയങ്ങൾ കണയന്നൂർ തഹസിൽദാർ ഡി.വിനോദ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. മൂലംപള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് എന്നിവർ സാന്നിഹിതരായിരുന്നു.