നരസിംഹ സ്വാമി സ്മരണകളിൽ അലിഞ്ഞ് എരൂർ
• ശ്രീനരസിംഹ സ്വാമിയുടെ 148-ാം ജയന്തി ആഘോഷം നാളെ
കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളായ ശ്രീനരസിംഹസ്വാമിയുടെ 148ാം ജയന്തിയ്‌ക്കൊരുങ്ങി എരൂരിലെ ശ്രീനരസിംഹാശ്രമം. നാളെയാണ് ജയന്തി ആഘോഷങ്ങൾ നടക്കുന്നത്. ഗുരുവിജ്ഞാന സരണി, സ്മൃതിസംഗമം, ശ്രീവിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം തുടങ്ങിയ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുക. നാളെ രാവിലെ ഏഴിന് ശാന്തിഹവനവും, 10 ന് തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസർ മാതാ നിത്യ ചിന്മയിയുടെ പ്രഭാഷണവും നടക്കും. രാവിലെ 10:30ന് ജയന്തി സമ്മേളനം എ.വി.എ ഗ്രൂപ്പ് എം.ഡി. ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ, ജ്യോതിസ് മോഹൻ, മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ്, മുംബയ് സീഗൾ ഗ്രൂപ്പ് എം.ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ബി റാം നിർമ്മാൺ എം.ഡി ബാബുറാം എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മഹാഗുരുപൂജയും അന്നദാനവും നടക്കും. രണ്ടിന് ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. ശിവഗിരി മാസിക മാനേജർ സ്വാമി സുന്ദരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തും.
നരസിംഹ സ്വാമി അനാചാര നിർമാർജനത്തിന്റെ ദീപസ്തംഭം ശ്രീനാരായണ ഗുരുദേവന്റെ നേർശിഷ്യരിൽ പ്രധാനിയാണ് നരസിംഹസ്വാമി. എളന്തിക്കരയിലാണ് ജനനം. മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കുട്ടി എന്ന വിളിപ്പേരുള്ള സ്വാമി ഗുരുദേവനിൽ ആകൃഷ്ടനായത്. നീണ്ട വെളുത്ത ളോഹയായിരുന്നു വസ്ത്രം. ആലുവ അദ്വൈതാശ്രമത്തോട് ചേർന്ന ഹൈസ്‌കൂളിൽ പതിവ് സാന്നിദ്ധ്യമായിരുന്നു. ഗുരുദേവന്റെ പ്രതിപുരുഷനെപ്പോലെയായിരുന്നു നരസിംഹ സ്വാമിയെ അനുയായികൾ കണ്ടതെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും നരസിംഹാശ്രമം സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ പറഞ്ഞു. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പോരാടുന്നതിൽ സ്വാമിയെന്നും മുന്നിലായിരുന്നു. സ്വാമി സ്ഥാപിച്ച ദേവാലയങ്ങളിൽ ജാതിമതഭേദമില്ലായിരുന്നു. എരൂരിൽ നരസിംഹാശ്രമം സ്ഥാപിച്ച ശേഷം ഇവിടം മുഖ്യപ്രവർത്തന കേന്ദ്രമായി. ഗുരുദേവൻ പലപ്പോഴും നരസിംഹാശ്രമത്തിൽ വിശ്രമിച്ചിട്ടുണ്ട്. 1957 നവംബർ 20ന് ഇവിടെവച്ചാണ് സമാധിയായത്.