മണ്ഡോദരി: ധർമ്മത്തിന്റെ പ്രതിരൂപം

Thursday 14 August 2025 12:02 AM IST
പ്രീതി നായർ

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളിൽ കരുത്തിന്റെ പ്രതിരൂപമാണ് രാവണന്റെ ഭാര്യ മണ്ഡോദരി. ബുദ്ധിയിലും ധാർമ്മികതയിലും ഉൾക്കാഴ്ചയിലും വേറിട്ടുനിൽക്കുന്ന കഥാപാത്രം. രാവണൻ സീതയെ അപഹരിച്ചതിനെ അവർ ശക്തമായി എതിർക്കുന്നു, മാത്രമല്ല ഭർത്താവിനെ പലവട്ടം ശരിയായ മാർഗ്ഗത്തിലേക്ക് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ത്രിലോകങ്ങളെ ജയിക്കാൻ കഴിവുള്ള ശക്തനായ രാവണനെ തന്റെ ബുദ്ധിയും സഹനശക്തിയും കൊണ്ടാണ് തിരുത്താൻ ശ്രമിക്കുന്നത്. ഭർത്താവിന്റെ ദുർഗുണങ്ങൾ മൂലം രാജ്യം നേരിട്ട പ്രതിസന്ധികൾ സമചിത്തതയോടെ നേരിട്ട മണ്ഡോദരി ദൃഢമായ മനസിന്റെ ഉടമയുമാണ്. രാജഭരണത്തിലും നീതി നിർവഹണത്തിലും മണ്ഡോദരിയുടെ സ്വാധീനം വളരെ വലുതായിരുന്നു.

രാവണവധത്തിനു ശേഷം മണ്ഡോദരിയുടെ അവസ്ഥ ഹൃദയസ്പർശിയായി രാമായണത്തിൽ നമുക്ക് വായിക്കാനാകുന്നു. യുദ്ധഭൂമിയിൽ രാവണന്റെ മരണം കണ്ടപ്പോഴുള്ള മണ്ഡോദരിയുടെ വിലാപം ഏതൊരു സ്ത്രീയുടെയും വിലാപമായി മാറുന്നു. ഭർത്താവിന്റെ ചര്യാദോഷം കൊണ്ട് ദു:ഖം പേറുന്ന നിരവധി സ്ത്രീകളെ സമൂഹത്തിൽ എല്ലാ കാലത്തും കാണാം. പ്രതിസന്ധികളിലും മണ്ഡോദരി പുലർത്തുന്ന ധർമ്മബോധത്തെ ശ്രീരാമനും അംഗീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നുണ്ട്.

പ്രതിസന്ധികളിൽ പതറരുത് മണ്ഡോദരിയിൽ നിന്ന് ചില പാഠങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താനാകും. മണ്ഡോദരി സത്യത്തിന് മുൻഗണന നൽകിയതുപോലെ, കുടുംബങ്ങളിലും സ്ഥാപനങ്ങളിലും തെറ്റായ തീരുമാനങ്ങൾക്ക് എതിരായി നിൽക്കേണ്ട ധാർമ്മികമായ ധൈര്യം നാം ഓരോരുത്തരും കാണിക്കേണ്ടതാണ്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരരാകാൻ മാത്രമല്ല അവരെ നേർവഴിയിൽ നയിക്കാനുള്ള കഴിവും ആർജ്ജിക്കാനുള്ള പ്രചോദനം മണ്ഡോദരിയുട ജീവിതത്തിൽ നിന്ന് പകർത്താവുന്നതാണ്. സത്യവും നീതിയും കൈവിടാതെ വ്യക്തിബന്ധങ്ങൾ നിലനിറുത്തണമെന്നും ഏത് പ്രതിസന്ധിയെയും പതറാതെ സഹനത്തോടെ നേരിടണമെന്നും പഠിക്കാനാകുന്നു.