റെയിൽവേ പാളത്തിൽ വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട്, വിലക്കിയിട്ടും ആവർത്തിക്കുന്നതായി നാട്ടുകാർ
Wednesday 13 August 2025 8:35 PM IST
കോഴിക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ വിദ്യാർത്ഥികൾ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി. കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്‌ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും ഇത് തുടരുന്നതായാണ് പരാതി.
ഇന്നും ചിത്രങ്ങളെടുക്കാൻ വിദ്യാർത്ഥികൾ റെയിൽവേ പാളത്തിലെത്തിയിരുന്നു. മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് വിലകൽപ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാൽ അപകടസാദ്ധ്യത കൂടുതലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.