@ കരട് വോട്ടർ പട്ടിക പുതിയ വോട്ടർമാർ 3,20,042
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ കോഴിക്കോട് ജില്ലയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയത് 3,20,042 പേർ. ജൂലായ് 23 മുതൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിയായ ആഗസ്റ്റ് 12 വരെയാണ് ഇത്രയും പേർ ഓൺലൈനായി അപേക്ഷ നൽകിയത്. കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്താൻ 1,014 പേരും ഒരു വാർഡിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റത്തിന് 16,646 പേരും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ 63,361 പേരുമാണ് അപേക്ഷ നൽകിയത്. പ്രവാസി അപേക്ഷകർ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 3,210 പേർ. രണ്ടാമതുള്ള കണ്ണൂരിൽ 656 അപേക്ഷകരാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗസ്റ്റ് 7 വരെയാണ് ആദ്യം സമയം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 12 വരെ ദീർഘിപ്പിക്കുകയായിരുന്നു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകർ 75,244.