വിഷമില്ലെങ്കിലും ആക്രമിച്ചാല്‍ മരണം ഉറപ്പ്; ആകെയുള്ളത് 36 ഇനങ്ങള്‍

Wednesday 13 August 2025 10:27 PM IST

വിഷമില്ലാത്ത വര്‍ഗമാണെങ്കിലും പാമ്പുകളുടെ ലോകത്ത് പേരും പെരുമയുമുള്ളവരാണ് ഇക്കൂട്ടര്‍. പത്ത് ജനസിലായി 36 ഇനങ്ങളുള്ള ഇവയുടെ കുടുംബ പശ്ചാത്തലവും അല്‍പ്പം വലുതാണ്. പാമ്പുലോകത്തെ വമ്പന്‍മാരായ പൈത്തോണ്‍ കുടുംബത്തിലെ അംഗങ്ങളായ പെരുമ്പാമ്പുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വിഷമില്ലാത്ത പാമ്പുകളാണെങ്കിലും ഇവയുടെ ആക്രമണമുണ്ടായാല്‍ മരണം സംഭവിക്കാനാണ് സാദ്ധ്യത കൂടുതല്‍.

മുട്ടയിട്ട് പ്രജനനം നടത്തുന്ന ഇവയെ ഒവിപാരസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്നറിയപ്പെടുന്ന കേരളത്തില്‍ കാണപ്പെടുന്ന മലമ്പാമ്പ്, റെക്റ്റികുലേറ്റഡ് പൈത്തണ്‍, കൂട്ടത്തില്‍ കാണാന്‍ മനോഹരമായ ഗോള്‍ഡ് പൈത്തണ്‍, ആഫ്രിക്കന്‍ റോക്ക് പൈത്തണ്‍, ബെറമീസ് പൈത്തണ്‍ എന്നിങ്ങനെയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന പെരുമ്പാമ്പുകള്‍. ഇതില്‍ നാം കൂടുതല്‍ കാണുന്ന രണ്ട് വിഭാഗങ്ങള്‍ ഇന്ത്യന്‍ റോക്ക് പൈത്തണും റെറ്റികുലേറ്റഡ് റോക്ക് പൈത്തണുമാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയും തെക്ക് കിഴക്കന്‍ ഏഷ്യയിലേയും ഉഷ്ണ മേഖല, ഉപ ഉഷ്ണ മേഖല പ്രദേശങ്ങളില്‍ കാണപ്പെടുന്ന വിഭാഗമാണ് ഇന്ത്യന്‍ റോക്ക് പൈത്തണ്‍. നാല് മുതല്‍ ആറ് മീറ്റര്‍ വരെയാണ് ഇവയുടെ നീളം. തവിട്ട് നിറത്തില്‍ മഞ്ഞ നിറമുള്ള പുള്ളിയോടെയുള്ള ഇവയുടെ തല ഡയമണ്ട് ആകൃതിയിലാണ്. ഇവയുടെ തലയില്‍ വി ആകൃതിയിലുള്ള ഒരു ഡിസൈനും കാണാന്‍ കഴിയും. ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് നിറത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.