കാട്ടാനയിൽ നിന്ന് ഇനി എഐ രക്ഷിക്കും, 40 ലക്ഷം രൂപയുടെ പദ്ധതി തയ്യാർ
തിരുവനന്തപുരം: കാട്ടാനശല്യം രൂക്ഷമായ കോതമംഗലം മുള്ളരിങ്ങാട് എൻ.എൽ.പി സ്‌കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്ക് വഴിയൊരുങ്ങുന്നു. വനംവകുപ്പുമായി സഹകരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് 40 ലക്ഷം രൂപ ചെലവിട്ട് എ.ഐ സുരക്ഷാവേലി നിർമ്മിക്കും. 400 മീറ്ററോളം നീളത്തിലാകും വേലി.
വന്യജീവികൾ അടുത്തെത്തിയാൽ പ്രതികരിക്കുന്ന വേലിയാണിത്. ഇതിൽ നിന്നുണ്ടാകുന്ന ശബ്ദവും വെളിച്ചവും വന്യജീവികളെ അകറ്റും. ആനയുടെ സാന്നിദ്ധ്യം വനംവകുപ്പിനെ അറിയിക്കാനും സംവിധാനമുണ്ട്. ഇന്ത്യയിലാദ്യമായാണ് 400 മീറ്ററോളം ദൈർഘ്യത്തിൽ എ.ഐ ഹൈബ്രിഡ് വേലി സ്ഥാപിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വേലിയുടെ സഹായത്തോടെ സ്‌കൂളിന്റെ സമീപപ്രദേശങ്ങളിലും വെള്ളക്കയം പൂവത്തും ഉന്നതി, വണ്ണപ്പുറം, പൈങ്ങോട്ടൂർ തുടങ്ങിയ ജനവാസ മേഖലകളിലും വന്യജീവി ആക്രമണം ഒഴിവാക്കാനാകും. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ കരാർ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സി.എസ്.ആർ അഡ്വൈസർ പി.എൻ.സമ്പത്ത് കോതമംഗലം ഡി.എഫ്.ഒ ജോൺ മാത്യുവിന് കൈമാറി.