ഓഹരിവിപണിയിൽ കുതിച്ചുചാട്ടം, നിക്ഷേപകർക്ക് നേട്ടം രണ്ട് ലക്ഷം കോടി

Thursday 14 August 2025 1:45 AM IST

കൊച്ചി: ആഗോളതലത്തിലെ പോസറ്റീവ് സൂചനകളെ പിൻപറ്റി ഇന്ത്യൻ ഓഹരിവിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്‌സ് ഇന്നലെ 304 പോയിന്റുയർന്ന് 80,539.91ൽ അവസാനിച്ചു. നിഫ്റ്രി 132 പോയിന്റുയർന്ന് 24,619.35ൽ അവസാനിച്ചു. വിപണിയിൽ ഒറ്റദിനത്തെ വ്യാപാരം കൊണ്ട് നിക്ഷേപകർ നേടിയത് രണ്ട് ലക്ഷം കോടി. യു.എസ് ഫെഡറൽ റിസർവ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ആഗോളതലത്തിൽ വിപണികളെ സ്വാധീനിച്ചു. അതേ പ്രതീക്ഷയാണ് ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിച്ചത്. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് അവസാനിച്ചത്.

ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്‌സ്) എട്ടുവർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലായിൽ ഇന്ത്യയുടെ സി.പി.ഐ വാർഷികാടിസ്ഥാനത്തിൽ 1.55 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഓട്ടോ, ഫാർമ്മ ഓഹരികളാണ് കൂടുതൽ നേട്ടം കൊയ്തത്. അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് ഇന്നലെ ഏറ്റവും നേട്ടം കൊയ്ത ഓഹരികൾ. അതേസമയം, ഐ.ടി.സി, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്‌സ് തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എണ്ണവില കുറഞ്ഞു, ഓഹരി നേട്ടത്തിലായി ദുർബലമായ യു.എസ് പണപ്പെരുപ്പ ഡാറ്റ യു.എസ് ഫെഡ് റിസർവ് സെപ്തംബറിൽ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

യു.കെയുടെ എഫ്.ടി.എസ്.ഇ, ഫ്രാൻസിന്റെ സി.എ.സി 40, ജർമ്മനിയുടെ ഡാക്‌സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ വിപണികളിലും ഉയർന്ന നിലയിൽ വ്യാപാരം നടന്നു.

ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക താഴ്ന്നത് ഇന്ത്യൻ ഓഹരിവിപണിയിൽ ശുഭാപ്തിവിശ്വാസം നിറച്ചു

ചൈനയുടെ താരിഫ് പരിധി നീട്ടിയതും എണ്ണവില കുറച്ചതും വിപണിയെ സ്വാധീനിച്ചു