പൊട്ടക്കിണറ്റിൽ 12 മണിക്കൂർ, യമുനയ്ക്കിത് പുതുജീവൻ
കൊല്ലം: വീട്ടിലുള്ളവർക്ക് ഔഷധമുണ്ടാക്കാൻ നെയ്‌വള്ളി തേടി റബർ തോട്ടത്തിലെത്തിയ വീട്ടമ്മ 40 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണുകിടന്നത് 12 മണിക്കൂർ. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്കു സമീപം ശിവവിലാസത്തിൽ ദിലീപിന്റെ ഭാര്യ യമുനയാണ് (54) കിണറ്റിലകപ്പെട്ടത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് യമുനയെ രക്ഷിച്ചത്.
വീടിനു സമീപത്താണ് റബർതോട്ടം. ചൊവ്വാഴ്ച രാവിലെ 11.30ന് കിണറ്റിൽ വീണ യമുനയെ രാത്രി 11.30നാണ് രക്ഷിച്ചത്. റെയിൽവേ സ്റ്റേഷനു സമീപത്ത് ലോട്ടറി ടിക്കറ്റും മുറുക്കാനും വിൽക്കുന്ന പെട്ടിക്കട നടത്തുന്ന യമുന പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, കൊട്ടാരക്കര ഉഗ്രൻകുന്ന് ഭാഗത്ത് യമുനയുടെ സ്കൂട്ടർ കണ്ടെത്തി. അന്വേഷണത്തിൽ, നെയ്‌വള്ളി തിരക്കി യമുന ഈ ഭാഗത്തുണ്ടായിരുന്നുവെന്ന് പരിസരവാസി പറഞ്ഞു. തുടർന്ന് റബർ തോട്ടം പരിശോധിച്ചു. രാത്രിയിൽ കിണറ്റിൽ നിന്ന് നിലവിളി കേട്ടതോടെയാണ് രക്ഷാപ്രവർത്തനം സാദ്ധ്യമായത്.
വീണത് ഹെൽമെറ്റ് ധരിച്ച്
ഹെൽമെറ്റ് ഊരാതെയാണ് യമുന റബർ തോട്ടത്തിൽ പ്രവേശിച്ചത്. ഷീറ്റും വിറകും ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു കിണർ. ഇതറിയാതെ ചവിട്ടിയ യമുന താഴേക്കു പതിച്ചു. വെള്ളമുണ്ടായിരുന്നില്ല. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിരക്കിയിറങ്ങിയവർ കിണറിനു സമീപമെത്തിയപ്പോൾ ചെറിയ ശബ്ദവും ഞരക്കവും കേട്ടു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് യമുനയെ കണ്ടത്. വിവരമറിഞ്ഞ് കൊട്ടാരക്കര ഫയർഫോഴ്സ് സംഘമെത്തി. ഫയർ ആൻഡ് റസ്ക്യു ഓഫീസർ വർണിനാഥ് വലയുമായി കിണറ്റിലിറങ്ങി രക്ഷിക്കുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മുമ്പ് ഈ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരിചയത്തിലാണ് യമുന റബർ തോട്ടത്തിലെത്തിയത്.
നിവർന്നാണ് വീണത്. കിണറിന്റെ വശത്ത് നടു ഇടിച്ചതിനാൽ എഴുന്നേൽക്കാനായില്ല. ഒരുപാട് തവണ നിലവിളിച്ചു, ആരും കേട്ടില്ല. കിണറ്റിനുള്ളിൽ കിടന്ന് ചത്തുപോകുമെന്നാണ് കരുതിയത്. ജീവൻ തിരിച്ചുകിട്ടി.
-യമുന