എക്സൈസ് നമ്പർ തെറ്റിച്ചു; ഉറക്കംപോയി അദ്ധ്യാപകൻ

Thursday 14 August 2025 12:50 AM IST

ക്ലാപ്പന (കൊല്ലം): ഫോൺ നമ്പരിന്റെ ഒരക്കം മാറ്റി എക്സൈസ് കൊടുത്ത പണിയിൽ ഉറക്കം വരെ നഷ്ടപ്പെട്ട് അദ്ധ്യാപകൻ. ഓണക്കാലത്തെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ എക്സൈസ് ഇൻസ്റ്റയിലിട്ട പോസ്റ്റാണ് പുലിവാലായത്. പൊതുജനത്തിന് പരാതിപ്പെടാമെന്ന പോസ്റ്റിൽ മൊബൈൽ നമ്പരിന്റെ ഒരക്കം മാറിയപ്പോൾ അത് ക്ലാപ്പന പാട്ടത്തിൽകടവ് കാവുംതറയിൽ എ.ഷാനവാസിന്റേതായി.

രാപകൽ പരാതിപ്രളയമാണ്. അവിടെ പരസ്യ മദ്യപാനം, വ്യാജവാറ്റ്, ഇവിടെ സ്കൂളിനു സമീപം കടയിൽ പാൻ വില്പന... ഇങ്ങനെ പോകുന്നു പരാതികൾ. കൂടതൽ കോളും രാത്രിയാണ്. മെസേജിനും കുറവില്ല. ഇതോടെ ഇൻകമിംഗ് കോൾ കട്ട് ചെയ്തു. പിന്നീട് കോളുകൾ വാട്സ്ആപ്പിലായി.

എക്സൈസിന്റെ നമ്പർ 9447178000. രണ്ടാം അക്കമായ 4ന് പകരം പോസ്റ്റിൽ 7 കൊടുത്തു. ഇതോടെ ഷാനവാസിന്റെ നമ്പരായി (9747178000). പല രേഖകളുമായി ലിങ്ക് ചെയ്തിട്ടുള്ള നമ്പരായതിനാൽ ഉപേക്ഷിക്കാൻ വയ്യ. നിരന്തരമുള്ള വിളികൾ ഷാനവാസിന്റെ ഉറക്കം കെടുത്തി.

ബുദ്ധിമുട്ടിക്കൽ

രണ്ടാം തവണ

ഇത് ആദ്യമല്ല ഷാനവാസിനോട് എക്സൈസിന്റെ ദ്രോഹം. ഋഷിരാജ് സിംഗ് കമ്മിഷണറായിരുന്നപ്പോഴും ഷാനവാസിന്റെ നമ്പർ ഉപയോച്ച് പരസ്യം നൽകിയിരുന്നു. നിരന്തരം പരാതിപ്പെട്ടപ്പോഴാണ് പരസ്യത്തിലെ അബദ്ധം തിരുത്തിയത്. എക്സൈസ് ഉന്നതർക്ക് വീണ്ടും പരാതിപ്പെടാനൊരുങ്ങുകയാണ് ഷാനവാസ്.