ഉപാസനാമൂർത്തിക്ക് വെറ്റ,പുകയില സമർപ്പണം: നെടുമ്പ്രയാർ പള്ളിയോടം പനയന്നാർ കാവിലേക്ക്
കോഴഞ്ചേരി: ഉപാസനാ മൂർത്തിക്ക് വെറ്റ, പുകയില എന്നിവ സമർപ്പിക്കാൻ നെടുമ്പ്രയാർ പള്ളിയോടം 15ന് പനയന്നാർ കാവിലേക്ക് പുറപ്പെടും. നെടുമ്പ്രയാർ കരയുടെ അധിദേവതയായ തേവലശ്ശേരി ക്ഷേത്രത്തിൽ തേവലശ്ശേരി നമ്പിമാരുടെ ഉപാസനാ മൂർത്തികളായ പനയന്നാർ കാവ് ഭദ്രകാളി , യക്ഷിയമ്മ സങ്കല്പമാണ് കുടികൊള്ളുന്നത്. ഇതിന്റെ ഭാഗമായി നീരണിഞ്ഞു കഴിഞ്ഞാൽ പനയനാർ കാവിലമ്മയ്ക്ക് ഉടയാടയും വെറ്റ,പുകയിലയും സമർപ്പിച്ച ശേഷമേ നെടുമ്പ്രയാർ പള്ളിയോടം മറ്റു ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളു. കഴിഞ്ഞ ഞായറാഴ്ച നീരണിഞ്ഞ നെടുമ്പ്രയാർ പള്ളിയോടം വെള്ളിയാഴ്ച രാവിലെ 6.30ന് പള്ളിയോടക്കടവിൽ നിന്ന് യാത്ര തിരിക്കും. രാവിലെ തേവലശ്ശേരി ക്ഷേത്രത്തിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നല്കുന്ന ദീപം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പള്ളിയോടത്തിലേക്ക് ആനയിക്കും. തുടർന്ന് ഭദ്രദീപം പള്ളിയോടത്തിൽ പ്രതിഷ്ഠിച്ച് യാത്ര തിരിക്കും. ആറന്മുള ക്ഷേത്രക്കടവിലെത്തി കരക്കാർ ഭഗവത് സ്തുതികൾ പാടി ഭഗവാന് വെറ്റ,പുകയില സമർപ്പിച്ച ശേഷമാവും തുടർയാത്ര. യാത്രാ വഴിയിൽ കോയിപ്രം പള്ളിയോടത്തിന്റെ ഉപചാരം സ്വീകരിച്ച് ചെങ്ങന്നൂർ കോടിയാട്ടുകര എത്തി പ്രഭാത ഭക്ഷണത്തിന് ശേഷം യാത്ര പുറപ്പെടും. കടപ്ര പള്ളിയോടത്തിന്റെ സ്വീകരണം ഏറ്റു വാങ്ങിയതിന് ശേഷം 12 മണിയോടെ പനയന്നാർകാവ് ക്ഷേത്രക്കടവിലെത്തും. ഇവിടെ ക്ഷേത്രഭാരവാഹികളും കരക്കാരും വാദ്യമേളങ്ങളോടെ സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി പ്രദക്ഷിണം ചെയ്യുന്ന കരക്കാർ ഉടയാടയും വെറ്റ പുകയിലയും നടയിൽ സമർപ്പിച്ച് ഭദ്രദീപം മേൽശാന്തിയെ ഏല്പിക്കും. തുടർന്ന് കരക്കാരുടെ വകയായുള്ള സദ്യ സ്വീകരിച്ച് മൂന്ന് മണിയോടെ മേൽശാന്തിയിൽ നിന്ന് സ്വീകരിക്കുന്ന ദീപവുമായി മടക്കം. വൈകിട്ട് 6.30 ഓടെ തിരികെ എത്തി തേവലശ്ശേരി ക്ഷേത്ര ശ്രീകോവിലിലേക്ക് ദീപം പകരും. ആറന്മുള വള്ള സദ്യകളിലും ജലമേളയിലും പങ്കെടുക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭാരവാഹികളായ എസ്.അജിത് കുമാർ (പ്രസിഡന്റ്), ആർ.സജി കുമാർ ( വൈസ് പ്രസിഡന്റ് ), കെ.എ.മോഹൻകുമാർ (സെക്രട്ടറി), പ്രവീൺ പി നായർ (ക്യാപ്ടൻ) എന്നിവർ അറിയിച്ചു.