കുടുംബശ്രീ മിഷൻ ജീവനോപാധി പദ്ധതി, ഉന്നതിക്കായി സമുന്നതി
പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിന്റെ ഉന്നതിക്കായി പ്രത്യേക ജീവനോപാധി പദ്ധതിയായി സമുന്നതി തയ്യാറാക്കി ജില്ലാകുടുംബശ്രീ മിഷൻ. മെഴുവേലി, ആറൻമുള, ഇലന്തൂർ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാർ അധിവസിക്കുന്ന മേഖല ഉൾപ്പെടുത്തി സമുന്നതി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. മെഴുവേലി ഗ്രാമ പഞ്ചായത്തിലെ 13 വാർഡുകളിലും ആറൻമുള പഞ്ചായത്തിൽ 16, 17 വാർഡുകളിലും ഇലന്തൂർ പഞ്ചായത്തിൽ 4,5 വാർഡുകളിലും എഴിക്കാട് കോളനിയിൽ 16, 17 വാർഡുകളിലുമാണ് സമുന്നതി പട്ടികജാതി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. എൽ.എസ്.ജി സ്ഥാപനങ്ങൾ, പട്ടികജാതി വികസന വകുപ്പ് , സാമൂഹ്യനീതി വകുപ്പ്, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവ ചേർന്നാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യം
1.കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങൾക്ക് കൂടി ഉറപ്പാക്കുക.
2.കുടുംബശ്രീ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും മുഴുവൻ കുടുംബങ്ങളെയും അയൽക്കൂട്ട പരിധിയിൽ കൊണ്ടുവരുക.
3.എസ്.സി അയൽക്കൂട്ടങ്ങൾക്ക് വിവിധതരത്തിലുള്ള അർഹമായ സാമ്പത്തിക സഹായം ഉറപ്പാക്കുക. ഇതിലൂടെ സ്വകാര്യ പണമിടപാടുകാരുടെ
കടന്നുകയറ്റം നിയന്ത്രിക്കുക.
4.പട്ടികജാതി മേഖലയിൽ സാമൂഹ്യ വികസന പ്രവർത്തനങ്ങൾ ( ബാലസഭാ, ജൻഡർ, സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ) മികച്ച രീതിയിൽ നടപ്പാക്കുക.
5.ഉചിതമായ രീതിയിൽ വരുമാനദായക പ്രവർത്തനങ്ങളും ഉപജീവന പ്രവർത്തനങ്ങളും കണ്ടെത്തി നടപ്പാക്കുക.
സമുന്നതി മൂന്ന് പഞ്ചായത്തുകളിൽ :
ഇലന്തൂർ, മെഴുവേലി, ആറൻമുള.
പദ്ധതിക്കായി ചെലവിടുന്ന തുക : 78.52 ലക്ഷം
തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിലപ്പെട്ടവരുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ പഞ്ചായത്തുകളെ പദ്ധതിയുടെ ഭാഗമാക്കും.
നീതു
ജില്ലാ കോർഡിനേറ്റർ.