വിഭജന ഭീതി ദിനാചരണം: കേന്ദ്രം പറഞ്ഞെന്ന് ഗവർണർ; നടത്തരുതെന്ന് സർക്കാർ

Thursday 14 August 2025 12:32 AM IST

സന്നദ്ധമായി 5 സർവകലാശാലകൾ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തലേന്ന് 'വിഭജന ഭീതി ദിനം' ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടെന്ന് മന്ത്രി ആർ.ബിന്ദു കോളേജുകൾക്കും സർവകലാശാലകൾക്കും നിർദ്ദേശം നൽകി.

സാമുദായിക ധ്രുവീകരണവും വർഗ്ഗീയ വിദ്വേഷത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, രാഷ്ട്രപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗവർണർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശിച്ചതു പ്രകാരമാണ് 'വിഭജന ഭീതി ദിനം' ആചരിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദിനാചരണത്തിന് നിർദ്ദേശിച്ച് ജൂൺ 23ന് ഗവർണറുടെ സെക്രട്ടറിക്കയച്ച കത്ത് രാജ്ഭവൻ സർവകലാശാലകൾക്ക് കൈമാറി. ദിനാചരണം ഗവർണറുടെ സ്വന്തം തീരുമാനപ്രകാരമല്ലെന്നും കേന്ദ്രസർക്കുലർ ജൂലയ് 11ന് വി.സിമാർക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രാജ്ഭവൻ വ്യക്തമാക്കി. മന്ത്രിയുടെ വിലക്ക് നിലനിൽക്കെ, ദിനാചരണം സ്വന്തം താത്പര്യമനുസരിച്ച് നടത്താമെന്ന് കേരള, ആരോഗ്യം, സാങ്കേതികം, കുസാറ്റ്, കണ്ണൂർ സർവകലാശാലകൾ കോളേജുകളോട് നിർദ്ദേശിച്ചു.

ഏത് ക്യാമ്പസിൽ ദിനാചരണം നടത്തിയാലും തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കേരള സർവകലാശാലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ എസ്.എഫ്.ഐ ഗവർണറുടെയും വി.സിയുടെയും കോലം കത്തിച്ചു. ദിനാചരണം ആർ.എസ്.എസ് അജൻഡയാണെന്നും കേന്ദ്രസർക്കാർ നയം രാജ് ഭവൻ വഴി സർവകലാശാലകളിൽ നടപ്പിലാക്കുവാനുള്ള നീക്കം അപകടകരമാണെന്നും സർവകലാശാലകളിലെ ജീവനക്കാരുടെ സംസ്ഥാന സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവൈരത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ. എസ് ജയകുമാർ എന്നിവർ അറിയിച്ചു.

'' ക്യാമ്പസുകളിൽ മതനിരപേക്ഷത പുലരണം. ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശിക്കാനാവില്ല. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്''

-ഡോ.ആർ.ബിന്ദു, മന്ത്രി