സ്പെഷ്യൽ ഡ്രൈവിന് തുടക്കം: ഓണം ഓവറാക്കിയാൽ എക്സൈസ് പൂട്ടും
കൊല്ലം: ഓണത്തിന് വ്യാജനൊഴുക്കേണ്ട, പിടികൂടാൻ വല വിരിച്ച് എക്സൈസുണ്ട്. അനധികൃത വ്യാജമദ്യ വിൽപ്പനയും വിപണനവും സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ സംഭരണം, ഉപഭോഗം എന്നിവ തടയുന്നതിന് സെപ്തംബർ 10 വരെ എക്സൈസ് ഓണം സ്പെഷ്യൽ ഡ്രൈവ് നടത്തും.
റെയിൽവേ സ്റ്റേഷൻ, കർബല ജംഗ്ഷൻ, എസ്.എൻ കോളജ് ജംഗ്ഷൻ, ബീച്ച്, കെ.എസ്.ആർ.ടി.സി, ബോട്ട് ജെട്ടി, വാടി കടപ്പുറം, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിൽ നിരന്തര പരിശോധനകളുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ഫ്ളാറ്റുകൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കും. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണം നൽകുന്നത് കൂടുതൽ ഊർജിതമാക്കും. കള്ളുഷാപ്പുകളിൽ ശുദ്ധമായ കള്ള് മാത്രം വിൽപന നടത്തുന്നുള്ളുവെന്ന് ഉറപ്പാക്കും. പെർമിറ്റ് പ്രകാരമുള്ള കള്ള് കൃത്യമായി പരിശോധനാവിധേയമാക്കും. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. ആറ് ശതമാനത്തിൽ കൂടുതൽ മദ്യാംശം സാമ്പിളിൽ കണ്ടെത്തുന്ന കള്ളുഷാപ്പുകളെ പ്രത്യേകമായി നിരീക്ഷിക്കും. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഡ്രഗ്സ് കൺട്രോൾ വകുപ്പുകളുമായി ചേർന്ന് എക്സൈസ് വകുപ്പ് സംയുക്ത റെയ്ഡുകളും സംഘടിപ്പിക്കും.
24 മണിക്കൂറും കൺട്രോൾ റൂം
എക്സൈസ് ഡെപ്യുട്ടി കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം
ജില്ലയെ രണ്ട് മേഖലകളായി തിരിച്ചു
എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സും ഹൈവേ പട്രോളിംഗ് യൂണിറ്റും
ചെക്പോസ്റ്റുകളിൽ വാഹനപരിശോധന ശക്തിപ്പെടുത്തി
രാത്രികാല വാഹന പരിശോധനയും ഊർജ്ജിതം
ആകസ്മിക പരിശോധനകൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ചുമതലയിൽ 13 അംഗങ്ങളുള്ള പ്രത്യേക സംഘം
ടോൾഫ്രീ നമ്പർ
155358