പ്രൊഡ്യൂസേഴ്സ് അസോ. തിരഞ്ഞെടുപ്പ് പ്രധാന സ്ഥാനങ്ങളിലേക്ക് സാന്ദ്രയ്‌ക്ക് മത്സരിക്കാനാകില്ല

Thursday 14 August 2025 12:23 AM IST

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് സമർപ്പിച്ച ഉപഹർജി എറണാകുളം സബ് കോടതി തള്ളി. എന്നാൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള പത്രിക തള്ളിയതിനെതിരായ സാന്ദ്രയുടെ പ്രധാന ഹർജിയിൽ കോടതി പിന്നീട് വിശദ വാദം കേൾക്കും. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനങ്ങളിലേക്ക് സാന്ദ്രയ്‌ക്ക് മത്സരിക്കാനാകില്ല.

വരണാധികാരിയുടെ നിയമനം റദ്ദാക്കണം, തിരഞ്ഞെടുപ്പിന് കോടതി മേൽനോട്ടം വേണം, കേസിൽ തീർപ്പാകും വരെ ഫലം പുറത്ത് വിടരുത് എന്നീ ഇടക്കാല ആവശ്യങ്ങളാണ് തള്ളിയത്. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സാന്ദ്ര നൽകിയ പത്രികകൾ വരണാധികാരി തള്ളിയിരുന്നു. നിർമ്മാതാവെന്ന നിലയിൽ രണ്ട് സിനിമകൾ മാത്രമാണ് സാന്ദ്രയുടെ പേരിലുള്ളതെന്ന കാരണത്താലാണിത്. എന്നാൽ താൻ സംയുക്തമായി നിർമ്മിച്ച സിനിമകൾ വേറെയുമുണ്ടെന്നാണ് ഹ‌ർജിക്കാരിയുടെ വാദം.

'കോടതി വിധി തിരിച്ചടിയല്ല. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും".

- സാന്ദ്ര തോമസ്