ഇന്ധനം വീണ്ടെടുക്കൽ : സതേൺ നോവ തിരികെ കൊല്ലം തീരത്തേക്ക്

Thursday 14 August 2025 12:27 AM IST

കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യവുമായി കൊല്ലം പോർട്ടിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ യാനമായ സതേൺ നോവ മടങ്ങിവരുന്നു. ഉൾക്കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ആഴക്കടലിൽ മുങ്ങിയുള്ള പരിശോധന തുടരാനാകാത്തതിനാലാണ് മടങ്ങിവരവ്.

ഇന്ന് രാവിലെ കപ്പൽ മുങ്ങിയ ഭാഗത്ത് നിന്ന് തിരിക്കുന്ന സതേൺ നോവ വൈകിട്ട് നാലോടെ കൊല്ലം പോർട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് സതേൺ നോവ കപ്പൽ മുങ്ങിയ ഭാഗത്തേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് യാനത്തിനുള്ളിലിരുന്ന് ഉപകരണങ്ങൾ ഉപയോഗിച്ച് മുങ്ങിക്കിടക്കുന്ന എൽസ- 3 പരിശോധിച്ചിരുന്നു. എന്നാൽ കപ്പലിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാൻ പൈപ്പ് ഘടിപ്പിക്കാനാകാത്ത സാഹചര്യമാണ്. കാലാവസ്ഥ നിരീക്ഷിച്ച ശേഷം നാല് ദിവസത്തിനുള്ളിൽ വീണ്ടും ദൗത്യവുമായി പുറപ്പെടാനാണ് ആലോചന. കാലാവസ്ഥ പ്രതികൂലമായി തുടർന്നാൽ ദൗത്യം ആരംഭിക്കൽ വീണ്ടും വൈകും.

ഉൾക്കടൽ പ്രക്ഷുബ്ധം

 സതേൺ നോവ ദൗത്യസ്ഥലത്ത് എത്തിയത് കഴിഞ്ഞമാസം അവസാനം

 സാൽവേജ് ഓപ്പറേഷൻ സംഘം കൊല്ലം പോർട്ടിൽ നിന്ന് ഓഫ് ഷോർ യാനമായ ഓഫ്ഷോർ മൊണാർക്കിൽ

 സതേൺ നോവയിൽ കയറാനുള്ള ശ്രമം കാലാവസ്ഥ പ്രതികൂലമായതിനാൽ രണ്ട് തവണ പരാജയപ്പെട്ടു

 സതേൺ നോവ കൊല്ലം പോർട്ടിലെത്തി സാൽവേജ് സംഘവുമായി മടങ്ങി

 ദൗത്യം തുടങ്ങാത്തതിനാൽ തിരികെ വീണ്ടും കൊല്ലം പോ‌ർട്ടിലേക്ക്

 ഓഫ് ഷോർ മൊണാർക്ക് യാനവും ഇന്ന് മടങ്ങിവന്നേക്കും

 ദൗത്യം മുംബയ് ആസ്ഥാനമായ മെർക്ക് സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിൽ

 സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സാണ് കൊല്ലം പോർട്ടിലെ ഏജന്റ്

സതേൺ നോവ

ക്രൂ-41 സാൽവേജ് ഓപ്പറേഷൻ വിദഗ്ദ്ധർ-64 (എല്ലാവരും വിദേശികൾ)

കരാർ-4 മാസം

1-ാം ഘട്ടം

ഇന്ധനം വീണ്ടെടുക്കൽ

2-ാം ഘട്ടം

കണ്ടെയ്നർ നീക്കം