വിഷ്ണു സഞ്ജയ്: കലാലയ വിദ്യാർത്ഥികളിലെ മികച്ച കർഷകൻ

Thursday 14 August 2025 12:29 AM IST

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ഉച്ചയൂണിന് കൂട്ടുകാർ വട്ടം കൂടുമ്പോൾ വിഷ്ണു സഞ്ജയ് കൊണ്ടുവരുന്ന പൊതിച്ചോറിന് പിടിവലിയാണ്. ചീരത്തോരൻ, വെണ്ടയ്ക്ക മെഴുക്കുവരട്ടി, വാഴപ്പിണ്ടി അച്ചാർ അങ്ങനെ വിഭവങ്ങൾ ഏറെയുണ്ടാകും. സ്വന്തമായി വിളയിച്ച പച്ചക്കറിയുടെ സ്വാദെന്ന് ആ ചിരി വിളിച്ചുപറയും.

ഇന്നലെ സംസ്ഥാന കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വിഷ്ണു സഞ്ജയ് കലാലയ വിദ്യാർത്ഥികളിലെ മികച്ച കർഷകനായി. ആ വാർത്തയിൽ കൂട്ടുകാർക്ക് ഒട്ടും അതിശയോക്തിയില്ല. പുലർച്ചെ മുതൽ കാർഷിക പരിപാലനത്തിന് ശേഷമാണ് വിഷ്ണു കോളേജിലെത്തുന്നത്. ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് വിഷ്ണു സഞ്ജയ് (18). പിതാവ് വെളിയം വടക്കേക്കര പുത്തൻവീട്ടിൽ സഞ്ജയ് കുമാറും മികച്ച കർഷകനാണ്.

രണ്ടേക്കർ ഭൂമിയിൽ പയറും വെണ്ടയും വഴുതനയും കുക്കുമ്പറും തണ്ണിമത്തനും കിഴങ്ങ് വർഗങ്ങളുമൊക്കെയുണ്ട്. പുലർച്ചെ 5ന് എഴുന്നേറ്റാൽ അച്ഛനൊപ്പം വിഷ്ണുവും അനുജൻ രണ്ടാം ക്ളാസ് വിദ്യാർത്ഥി വൈഷ്ണവും തോട്ടത്തിലിറങ്ങും. കൊത്തിക്കിളച്ചും, തൈ നട്ടും, വളമിട്ടും മണിക്കൂറുകൾ നീങ്ങും. അപ്പോഴേക്കും പ്രഭാത ഭക്ഷണമൊരുക്കി അമ്മ അദ്ധ്യാപികയായ ആശയും കൂടെക്കൂടും.

പോളിയിലെ കൃഷി മെക്കാനിക്ക്!

 പോളിയിലും കാർഷിക പ്രവർത്തനങ്ങൾക്ക് കുറവില്ല

 അഗ്രി ടെക് ഇന്നവേഷൻസ് കാർഷിക കൂട്ടായ്മയിൽ സജീവം

 പ്രിസിഷൻ ഫാമിംഗ്, വെർട്ടിക്കൽ ഗാർഡനിംഗ്, ഹൈഡ്രോ പോണിക്സ് തുടങ്ങിയ നൂതന കാർഷിക പ്രോജക്ടുകൾക്ക് ചുക്കാൻ പിടിക്കുന്നു

 ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ പോളി ഹൗസിൽ കുക്കുമ്പർ, മുളക്, പയർ വിളകൾ നിറയെ

 സർക്കാരിന്റെ വി.ഡി.പി പദ്ധതിയും പ്രയോജനപ്പെടുത്തുന്നു

 എല്ലാത്തിലും സജീവമായി വിഷ്ണു സഞ്ജയ്

കൃഷിയിൽ അച്ഛനാണ് ഗുരു. ജൈവ കൃഷിയാണ് ചെയ്യുന്നത്. ഉത്പന്നങ്ങൾ വെളിയം സ്വാശ്രയ വിപണിയിൽ വിൽക്കും. ഇലക്ട്രിക്കൽ എൻജിനിയറാകണമെന്നതാണ് ആഗ്രഹം. കൃഷി ജീവിതത്തിലുടനീളമുണ്ടാകും.

വിഷ്ണു സഞ്ജയ്