സര്‍ക്കാര്‍ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് മുന്‍കാലപ്രാബല്യത്തോടെ; കോളടിച്ചത് ഇക്കൂട്ടര്‍ക്ക്

Thursday 14 August 2025 12:39 AM IST

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്ക് കുടിശിക സഹിതമാണ് വര്‍ദ്ധന.

കുടിശിക നല്‍കാന്‍ മാത്രം സര്‍ക്കാരിന് 12 കോടിയുടെ അധിക ചെലവുണ്ടാകും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതിയിലെ പ്‌ളീഡര്‍മാരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തിലൂടെ കൂട്ടിയിരുന്നു. അതിന് 13.3കോടിയുടെ അധികച്ചെലവുണ്ടായി. പിന്നാലെയാണ് ജില്ലാ പ്‌ളീഡര്‍മാരുടെ ശമ്പളം കൂട്ടുന്നത്. അതിനും വേണം 12 കോടി അധികം. ഇതെല്ലാം രാഷ്ട്രീയ നിയമനങ്ങളാണ്. ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തീരുമാനമെന്ന് ആക്ഷേപമുണ്ട്.

ജില്ലാതലത്തില്‍ 146 സര്‍ക്കാര്‍ അഭിഭാഷകരാണുള്ളത്. ഹൈക്കോടതിയിലേയും കൂടി ചേര്‍ക്കുമ്പോള്‍ മുന്നൂറോളം വരും.

ജില്ലാ പ്ലീഡര്‍മാര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും 8.10 ലക്ഷം രൂപയും, അഡിഷണല്‍ പ്ലീഡര്‍മാര്‍ക്ക് 7.20 ലക്ഷവും, മുനിസിഫ് കോടതികളിലെ അഭിഭാഷകര്‍ക്ക് 1.80 ലക്ഷവും വീതം കുടിശ്ശിക ലഭിക്കും.

ജില്ലാ പ്‌ളീഡര്‍ക്ക് 1,10,000 ശമ്പളം

ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍: മാസ വേതനം 87,500ല്‍ നിന്ന് 1,10,000 രൂപയാക്കി

അഡിഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: 75,000ല്‍ നിന്ന് 95,000 രൂപയാക്കി

പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക്: വേതനം 20,000 ല്‍ നിന്ന് 25,000 രൂപയാക്കി