സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്നമ്മയുടേത്

Thursday 14 August 2025 12:43 AM IST

ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവ് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറകൾ ജയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ ചേർത്തലയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതും തുടർന്ന് നഗരത്തിലെ സ്വർണക്കടയിൽ വിൽപ്പന നടത്തിയതുമായ സ്വർണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തി.

2024 ഡിസംബർ 23നാണ് ജയിൻ മാത്യു എന്ന ജെയ്നമ്മയെ (56) ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഫോൺ ടവർ കേന്ദ്രീകരിച്ച അന്വേഷണമാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനിലേക്ക് എത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതും. കഴിഞ്ഞ 28ന് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. ഇത് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പാലായിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചാണ് സെബാസ്റ്റ്യൻ ജെയ്നമ്മയെ പരിചയപ്പെട്ടത്. 2006ൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, 2013 മേയ് 13ന് കാണാതായ ഹയറുമ്മ (അയിഷ) എന്നിവരുമായും സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയിൽ ഹാജരാക്കിയ സെബാസ്റ്റ്യനെ 26 വരെ റിമാൻഡ് ചെയ്തു.