ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ അദ്ധ്യാപികയ്ക്ക് ശമ്പളക്കുടിശിക നൽകി

Thursday 14 August 2025 1:43 AM IST

റാന്നി: ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അദ്ധ്യാപികയ്ക്ക് ലഭിക്കേണ്ടിയിരുന്ന 83 ലക്ഷം രൂപ സർക്കാർ നൽകി. 29 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു. ബാക്കി തുക പ്രൊവിഡന്റ് ഫണ്ടിൽ (പി.എഫ്) ലയിപ്പിക്കും. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ ലേഖ രവീന്ദ്രനാണ് 13 വർഷമായി ശമ്പളം ലഭിക്കാതിരുന്നത്. ശമ്പള കുടിശിക നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരുന്നു. പണം ലഭി​ക്കാതെ സാമ്പത്തി​ക പ്രതി​സന്ധി​യി​ലായ ലേഖയുടെ ഭർത്താവ് വി.ടി.ഷിജോ (46) കഴിഞ്ഞ ദിവസം ജീവനൊടുക്കി​യതോടെ സംഭവം വിവാദമായി​. റിപ്പോർട്ട് തേടിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം, ശമ്പള വിതരണത്തിൽ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ അനിൽകുമാർ.എൻ.ജി, സൂപ്രണ്ട് ഫിറോസ്, സെക്ഷൻ ക്ലർക്ക് ബിനി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.