പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി: ഒന്നരക്കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു

Thursday 14 August 2025 12:47 AM IST

മലപ്പുറം : പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഒന്നരക്കോടി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. ടൗണിൽ വിന്നേഴ്സ് ഗ്രൗണ്ടിന് സമീപത്തെ വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് (36) കാറിലെത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. യു.എ.ഇയിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് ഷമീർ. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ഷമീറിനെ ഇന്നോവ കാറിലെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് പിടികൂടികൊണ്ടുപോവുകയായിരുന്നുവെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ദുബായിൽ വ്യവസായിയായ ഷമീർ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഒന്നരക്കോടി രൂപ കുടുംബത്തോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭ്യമായതായും ഷമീറിനെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായും സൂചനയുണ്ട്.