കൊട്ടാരക്കരയിൽ ലോറി മറിഞ്ഞു, തേങ്ങ പെറുക്കാൻ തിരക്ക്
Thursday 14 August 2025 12:47 AM IST
കൊല്ലം: തേങ്ങയുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഓടിക്കൂടിയവർ രക്ഷാപ്രവർത്തനത്തിന് മുന്നേ തേങ്ങയുമായി പാഞ്ഞു. ഇന്നലെ പുലർച്ചെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലായിരുന്നു സംഭവം. എം.സി റോഡുവഴി വന്ന ലോറിയാണ് ട്രാഫിക് സിഗ്നലിന് സമീപം തെന്നി മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന ആയിരത്തിലധികം തേങ്ങ റോഡിലേക്ക് തെറിച്ചുവീണു. രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവർ ഡ്രൈവർക്ക് പരിക്കില്ലെന്ന് അറിഞ്ഞതോടെ തേങ്ങ പെറുക്കാൻ തുടങ്ങി. പലരും തേങ്ങയുമായി ഓടി. കൊട്ടാരക്കര പൊലീസ് എത്തിയതോടെയാണ് ആളുകൾ അകന്നത്. നൂറിലധികം തേങ്ങ നഷ്ടപ്പെട്ടതായാണ് വിവരം. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയശേഷം തേങ്ങ തിരികെ കയറ്റി. പൊലീസ് കേസെടുത്തിട്ടില്ല.