'അതുല്യയെ സതീഷ് ക്രൂരമായി മർദ്ദിച്ചു"

Thursday 14 August 2025 12:52 AM IST

കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് വിവാഹം കഴിഞ്ഞതു മുതൽ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് അമ്മ തുളസീഭായി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. വിവാഹം ഉറപ്പിച്ചത് മുതൽ അതുല്യയെ സതീഷ് മാനസികമായി പീഡപ്പിച്ചിരുന്നു. ബന്ധം വേർപെടുത്താൻ തങ്ങൾ അതുല്യയോട് നിർദ്ദേശിച്ചിരുന്നു. കരഞ്ഞുകൊണ്ട് അതുല്യ സതീഷിന്റെ ക്രൂരതകളെക്കുറിച്ച് തന്നോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും തുളസീഭായി മൊഴി നൽകി.

ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ് രണ്ട് മണിക്കൂർ നീണ്ടു.

കൂടുതൽ വിശദാംശങ്ങൾക്കായി തുളസീഭായിക്ക് പുറമേ അതുല്യയുടെ പിതാവ്, സഹോദരി എന്നിവർ കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിലെത്താൻ അന്വേഷണ സംഘം നിർദ്ദേശിച്ചു.

കഴിഞ്ഞ ജൂലായ് 19നാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടിലെത്തിയ സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ വിട്ടയച്ചിരുന്നു.