പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് ജനത്തിന് ഉപയോഗിക്കാം
കൊച്ചി: ദേശീയപാതകളിലുള്ള പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്നും മറ്റിടങ്ങളിലുള്ള പമ്പുകളിലെ ടോയ്‌ലെറ്റുകൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി. പൊതു ഉപയോഗത്തിന് ടോയ്‌ലെറ്റുകൾ തുറന്നു നൽകാൻ അധികൃതർക്ക് നിർബന്ധിക്കാനാകില്ലെന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഗതാഗത മന്താലയത്തിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും വിശദീകരണം കണക്കിലെടുത്താണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്.
കേന്ദ്രസർക്കാരിന്റെ സർക്കുലർ പ്രകാരം ഉപഭോക്താക്കൾക്കും വാഹനത്തിലെ യാത്രക്കാർക്കും പെട്രോൾ പമ്പിലെ ടോയ്ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിൽ സുരക്ഷയടക്കം കണക്കിലെടുത്ത് പമ്പുടമകൾക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി. ദേശീയപാതയിലെ പമ്പുകളിൽ ടോയ്‌ലെറ്റുകൾ പൊതുജനങ്ങളുടെ ഉപയോഗത്തിനായി 24 മണിക്കൂറും തുറന്ന് കൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ടോയ്ലെറ്റ് സൗകര്യമുണ്ടെന്ന ബോർഡും വയ്‌ക്കണം. ആരെങ്കിലും ആവശ്യപ്പെട്ടാൽ സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മാത്രമേ നിഷേധിക്കാവൂ.
അതേസമയം, പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുടോയ്‌ലെറ്റുകൾ ആണെന്ന് തദ്ദേശ സ്ഥാപനങ്ങൾ ബോർഡ് വയ്‌ക്കുന്നത് കോടതി വിലക്കി. ഇത്തരത്തിൽ ബോർഡുവച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പമ്പുകളിലേത് സ്വകാര്യ ടോയ്‌ലെറ്റുകളാണെന്നും പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമുള്ള ഹർജിക്കാരുടെ വാദം കണക്കിലെടുത്തായിരുന്നു സിംഗിൾബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ വയനാട് ലേഡി ലായേഴ്‌സ് അസോസിയേഷനടക്കം കക്ഷി ചേർന്നിരുന്നു. വിഷയം സെപ്തംബർ 24ന് വീണ്ടും പരിഗണിക്കും.