കോഴിക്കോട് വിലങ്ങണിയിച്ചിരുത്തിയ പ്രതി രക്ഷപ്പെട്ട സംഭവം, മണിക്കൂറുകൾക്കുളളിൽ പിടികൂടി പൊലീസ്

Thursday 14 August 2025 6:59 AM IST

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയായ അസം സ്വദേശി പ്രസൺജിത്തിനെയാണ് മണിക്കൂറുകൾക്കുളളിൽ പിടികൂടിയത്. ഫറോക്ക് സ്‌കൂളിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.

ഉത്ത‌ർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു വിലങ്ങുമായി ഇയാൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിലങ്ങണിയിച്ച് പ്രതിയെ ബെഞ്ചിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.