സച്ചിൻ ടെൻഡുൽക്കറുടെ മകൻ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ

Thursday 14 August 2025 10:06 AM IST

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇരുവരുെടയും വിവാഹനിശ്ചയം ഇന്നലെ മുംബയിൽ നടന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത്തഞ്ചുകാരനായ അർജുൻ ഇടങ്കെെ ഫാസ്റ്റ് - ബൗളിംഗ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും 2021ലെ ഐപിഎൽ മുതൽ മുംബയ് ഇന്ത്യൻസിന്റെയും ഭാഗമാണ്. മുംബയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്.

ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വിവാഹനിശ്ചയം സംബന്ധിച്ച വാർത്തകളിൽ ഇരുകുടുംബാംഗങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവയായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹോസ്‌പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. എന്നാൽ പൊതുവേദികളിൽ അത്ര സുപരിചിതയല്ല സാനിയ. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റർ പാവ്സ് പെറ്റ് സ്‌പാ ആൻഡ് സ്റ്റോർ എൽഎൽപിയുടെ ഡയറക്ടറാണ് സാനിയ.